ak-antony

തിരുവനന്തപുരം: മുൻ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയർമാനും കോൺഗ്രസ് നേതാവുമാമായ പി.ശങ്കരന്റെ നിര്യാണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി അനുശോചിച്ചു.
കുടുംബസുഹൃത്തിനെയും മികച്ച ഒരു സഹപ്രവർത്തകനെയുമാണ് തനിക്ക് നഷ്ടപ്പെട്ടത്. 2001ലെ തന്റെ മന്ത്രിസഭയിൽ സഹപ്രവർത്തകനായിരുന്ന പി.ശങ്കരൻ, ആരോഗ്യ, ടൂറിസം മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ആരോഗ്യമേഖലയിൽ സ്വാശ്രയവിപ്ലവത്തിന് തുടക്കമിട്ടത് ആരോഗ്യമന്ത്രി പി. ശങ്കരന്റെ നേതൃത്വത്തിലാണ്. നിരവധി സ്വാശ്രയ മെഡിക്കൽ കോളേജുകളും ബിഎസ്‌സി നഴ്‌സിംഗ് കോളേജുകളും, ആയുർവേദ, സിദ്ധ കോളജുകളും അന്നാരംഭിച്ചു. അന്യസംസ്ഥാനങ്ങളിലേക്ക് വർഷംതോറും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ മെഡിക്കൽ കോഴ്‌സുകൾ പഠിക്കാൻ പോയ കാലഘട്ടത്തിലാണ് അന്യസംസ്ഥാന ലോബിയുടെ കൊള്ള അവസാനിപ്പിച്ച് കേരളത്തിൽ ഇവ ആരംഭിച്ചത്.
പി.ശങ്കരൻ കെഎസ്‌യുവിൽ പ്രവർത്തിച്ച കാലം മുതലുള്ള പരിചയമാണ് തനിക്ക് അദ്ദേഹവുമായുള്ളത്. തുടർന്ന് അദ്ദേഹം സ്വപ്രയത്‌നത്തിലൂടെ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതൃനിരയിലെത്തി. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ ഉജ്വലനായ പോരാളിയെയാണ് നഷ്ടപ്പെട്ടത്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന്, പ്രത്യേകിച്ച് മലബാർ മേഖലയിൽ കനത്ത നഷ്ടമാണെന്നും ആന്റണി അനുസ്മരിച്ചു.