twins

ജിം ലൂയിസും ജിം സ്‌പ്രിംഗറും... കാഴ്ചയിൽ ഒരേ പോലെയുള്ള ഇരട്ട സഹോദരൻമാർ. 1939ൽ ജനിച്ച് നാലാഴ്ചകൾക്കുള്ളിൽ ഇരുവരും വേർപ്പെട്ടു. നീണ്ട 39 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടി. കാലം അവർക്കായി കാത്തുവച്ചിരുന്നത് അവിശ്വസനീയമായ ചില സാമ്യതകളായിരുന്നു..! തനിക്കൊരു ഇരട്ട സഹോദരനുള്ള കാര്യം അഞ്ച് വയസുവരെ ജിം ലൂയിസിന് അറിയില്ലായിരുന്നു. ജിം ലൂയിസ് തന്റെ ഇരട്ട സഹോദരനെ അന്വേഷിച്ചതുമില്ല. അതേ സമയം ജിം സ്പിംഗർ തനിക്കൊരു ഇരട്ട സഹോദരനുള്ള വിവരം എട്ടാം വയസിലാണ് അറിയുന്നത്. ലൂയിസ് മരിച്ച് പോയിരിക്കാമെന്നാണ് സ്പ്രിംഗറും സ്പ്രിംഗറിന്റെ വളർത്തച്ഛനമ്മമാരും കരുതിയത്. ഇരുവർക്കും അവരുടെ വളർത്തച്ഛനമ്മമാർ നൽകിയ പേര് ജെയിംസ് എന്നായിരുന്നു.

1977ൽ തന്റെ സഹോദരനെ കണ്ടെത്താൻ ലൂയിസ് തീരുമാനിച്ചു. ഒടുവിൽ 1979ൽ ഇരുവരും കണ്ടുമുട്ടി. ഇരുവരുടെയും ജീവിതം തമ്മിൽ അസാമാന്യ സാമ്യതകൾ ഉണ്ടായിരുന്നു. ഓഹിയോയിൽ 45 മൈലുകളുടെ വ്യത്യാസത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. രണ്ട് പേർക്കും ഉയരം ആറടിയും ഭാരം ഏകദേശം 81 കിലോയുമായിരുന്നു. രണ്ട് പേരുടെയും കൈവശം ഇളം നീല നിറത്തിലെ ഷെവർലെ കാറായിരുന്നു. ഇരുവരും പാർട്ട് ടൈം ഷെറീഫ് പോസ്‌റ്റിൽ ജോലി ചെയ്‌തിരുന്നു, നഖം കടിക്കുന്ന സ്വഭാവമുണ്ടായിരുന്നു, സെയ്‌ലം ബ്രാൻഡിന്റെ സിഗററ്റുകളായിരുന്നു ഉപയോഗിച്ചിരുന്നത്, മൈഗ്രെയിനുമുണ്ടായിരുന്നു. ! രണ്ട് പേരുടെയും ആദ്യ ഭാര്യയുടെ പേര് ലിൻഡയെന്നും രണ്ടാം ഭാര്യയുടെ പേര് ബെറ്റിയെന്നുമായിരുന്നു. ഒരാളുടെ മകന്റെ പേര് ' അലൻ ജെയിംസ് ' എന്നും മറ്റേയാളുടെ മകന്റെ പേര് ' ജെയിംസ് അലൻ ' എന്നുമായിരുന്നു. രണ്ട് പേരുടെയും വളർത്തുനായയുടെ പേര് ' ടോയ് ' എന്നായിരുന്നു. അതേ സമയം ഹെയർ സ്റ്റൈലിലും സംസാരത്തിലും എഴുത്തിലുമൊക്കെ ഇരുവരും തമ്മിൽ വ്യത്യാസങ്ങളും ഉണ്ടായിരുന്നു.