ഡൽഹിയുടെ വടക്കുകിഴക്കൻ മേഖലയിൽ ഞായറാഴ്ച ആരംഭിച്ച കലാപം ശമനമില്ലാതെ തുടരുകയാണ്. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലായിട്ടാണ് തുടങ്ങിയതെങ്കിലും വളരെ പെട്ടെന്നാണ് അതിനു ഒരു വർഗീയച്ഛായ കൈവന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും കലാപം രൂക്ഷഭാവം കൈവരിച്ചത് വർഗീയവാദികളുടെ ഒത്താശയോടുകൂടിയാണ്. കലാപം ആരംഭത്തിലേ അടിച്ചമർത്തുന്നതിൽ ഡൽഹി ഭരണകൂടത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും വീഴ്ചയാണ് ഇരുപത്തിയേഴ് പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നു നിസംശയം പറയാം. കലാപത്തിൽ അഗ്നിക്കിരയാക്കപ്പെട്ട വസ്തുവകകളുടെ നഷ്ടം കോടാനുകോടികൾ വരും. അറുപതോളം പൊലീസുകാരുൾപ്പെടെ ഇരുനൂറിലധികം പേർക്കു പരിക്കേറ്റിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർ പോലും ആക്രമിക്കപ്പെട്ടു. മുമ്പൊരിക്കലും കാണാത്ത വിധത്തിൽ കലാപകാരികൾ പലേടത്തും തോക്കുകൾ ഉപയോഗിച്ചാണ് എതിരാളികളെ നേരിട്ടത്. പരിക്കേറ്റവരിൽ ചിലർക്ക് വെടിയേറ്റിരുന്നു. കടകളും വ്യാപാരകേന്ദ്രങ്ങളും മാത്രമല്ല അനവധി വീടുകളും ആക്രമണത്തിനിരയായിട്ടുണ്ട്. നാശനഷ്ടങ്ങളേറെയും സംഭവിച്ചത് പതിവുപോലെ സമൂഹത്തിലെ നിർദ്ധനരും സാധാരണക്കാരുമായ ആൾക്കാർക്കാണ്. അന്തിയാവുമ്പോൾ കയറിക്കിടക്കാൻ കൂരയില്ലാതായവർ അനവധിയാണ്. പൗരാവകാശ നിയമം എന്തെന്നുപോലും അറിയാത്ത വെറും പാവപ്പെട്ട മനുഷ്യരാണവർ. അക്രമികളുടെ തേർവാഴ്ച അപ്പാടെ പൊലീസിന്റെ കൺമുന്നിലായിരുന്നുവെന്നതാണ് പേടിപ്പിക്കുന്ന മറ്റൊരു യാഥാർത്ഥ്യം.
ഭരണകൂടങ്ങളും നീതിപീഠങ്ങളുമൊക്കെ യഥാസമയം ഇടപെട്ടിരുന്നുവെങ്കിൽ തടയാമായിരുന്ന കലാപമാണിത്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ഷഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഴ്ചകളായി ജനക്കൂട്ടം റോഡ് ഉപരോധിച്ചു സമരം ചെയ്യുകയായിരുന്നു. അതിനുമുൻപ് ഇതേ വിഷയത്തിൽ ജാമിയ മിലിയ സർവകലാശാലയിലും ജെ.എൻ.യുവിലും സംഘടിതമായ ആക്രമണങ്ങൾ നടന്നു. വരാൻ പോകുന്ന വിപത്തിനെക്കുറിച്ചുള്ള ആശങ്ക അന്നേ അന്തരീക്ഷത്തിലുണ്ടായിരുന്നു. ഷഹീൻബാഗിൽ പൗരത്വ നിയമാനുകൂലികൾ സൃഷ്ടിച്ച പ്രകോപന പ്രസംഗങ്ങളാണ് അപ്രതീക്ഷിതമായ സംഘർഷത്തിലേക്കും പിന്നീട് വൻതോതിലുള്ള കലാപത്തിലേക്കും വഴിമാറിയത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഭരണാധികാരികൾ തിരക്കിലായതിനാൽ ഡൽഹിയുടെ ഒരു ഭാഗം അക്രമികളുടെ പിടിയിലമർന്നിട്ടും ഉചിത നടപടികളെടുക്കാൻ കഴിഞ്ഞില്ല. ക്രമസമാധാനം ഇതുപോലെ തകർന്നു തരിപ്പണമായിട്ടും സമയത്തിന് ഇടപെടാൻ മടിച്ചുനിന്ന ഒരു സന്ദർഭം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഭരണാധികാരികളുടെ കൈകാലുകൾ എവിടെയോ തളച്ചിടപ്പെട്ടതായ പ്രതീതി ഉളവാക്കുന്നതാണ് ഡൽഹിയിലെ കഴിഞ്ഞ ഏതാനും ദിവസങ്ങൾ. സ്ഥിതിഗതികൾ പൂർണമായും കൈവിട്ടുപോകുമെന്നു കണ്ടപ്പോഴാണ് ചൊവ്വാഴ്ച രാത്രിയോടെ ഉറച്ച ചില നടപടികൾക്ക് അധികാരികൾ മുതിർന്നത്. കലാപബാധിത പ്രദേശങ്ങളിൽ കേന്ദ്ര സേനകളെ വിന്യസിക്കുകയും പുതിയ പൊലീസ് കമ്മിഷണറെ നിയോഗിക്കുകയും കർഫ്യൂവും നിരോധനാജ്ഞയും പ്രഖ്യാപിച്ച് സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കമുണ്ടാവുകയും ചെയ്തത് അപ്പോഴാണ്. ഇതൊക്കെ രണ്ടുദിവസം മുമ്പും ചെയ്യാമായിരുന്ന കാര്യങ്ങളാണ്.
1984-ലെ ഡൽഹി കലാപം മനസിലുള്ളവർ അതീവ ഭീതിയോടെയാണ് ഇപ്പോഴത്തെ സംഭവഗതികൾ വീക്ഷിക്കുന്നത്. ഇന്ദിരാഗാന്ധി വധത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട സിക്ക് വിരുദ്ധ കലാപം ആയിരക്കണക്കിനു നിരപരാധികളുടെ ജീവനാണ് അപഹരിച്ചത്. അത്തരത്തിലൊരു ദുരനുഭവം ഇക്കാലത്ത് ഉണ്ടാകാൻ ഇടയില്ലെങ്കിലും അങ്ങേയറ്റം കരുതലെടുത്തില്ലെങ്കിൽ വർഗീയ സംഘർഷത്തിന്റെ വിഷവിത്തുകൾ നോക്കിനിൽക്കെ തന്നെ പൊട്ടിമുളച്ച് സർവനാശിയായ വൻ മരമായി മാറാൻ ഇടയുണ്ട്. അക്രമികൾ തെരുവുകളിൽ പരസ്യമായി കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർക്കുന്നതും വാഹനങ്ങൾ കത്തിക്കുന്നതും ജാതീയമായി ആളുകളെ നേരിടുന്നതും മറ്റും വർഗീയ ഭ്രാന്തിന്റെ ലക്ഷണങ്ങളാണ്. ഉരുക്കുമുഷ്ടി കൊണ്ടുതന്നെ നേരിട്ടില്ലെങ്കിൽ കലാപത്തീ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പടരുമെന്ന അപകടം കൂടിയുണ്ട്. ഏറെ വൈകിയാണെങ്കിലും ഭരണകൂടങ്ങൾ ഉണർവു കാണിച്ചു തുടങ്ങിയത് ആശ്വാസകരമാണ്. സംഘർഷം ശമിപ്പിക്കാനും പുനരധിവാസത്തിനുമുള്ള നടപടികളും ഇതിനൊപ്പം തുടങ്ങണം. വർഗീയവിഷം ചീറ്റുന്ന ഉത്തരവാദിത്വബോധമില്ലാത്ത നേതാക്കളെ നിയന്ത്രിക്കാൻ എല്ലാ പാർട്ടികൾക്കും ചുമതലയുണ്ട്. ഷഹീൻബാഗിൽ നാക്കിനു നിയന്ത്രണമില്ലാത്ത ഒരു ബി.ജെ.പി നേതാവിന്റെ ജല്പനങ്ങളാണ് കലാപത്തിനു തുടക്കമിട്ടതെന്ന കാര്യം മറന്നുകൂടാ. ഇതുപോലുള്ള സാമൂഹ്യദ്റോഹികൾ സ്വന്തം പാർട്ടിക്കു മാത്രമല്ല രാജ്യത്തിനു തന്നെ വലിയ ഭീഷണിയാണെന്ന സത്യം ഏവരും തിരിച്ചറിയണം. അസ്വസ്ഥതയുടെ വിത്തു വിതച്ച് കലാപമായി കൊയ്യാനുള്ള ഏതൊരു നീക്കവും മുളയിലേ നുള്ളിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. ഡൽഹി കലാപം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നത് അതാണ്.