തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ളാസ് സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം. സർവകലാശാലകളിലും കോളേജുകളിലും ഇന്റേണൽ അസെസ്മെന്റിന് മിനിമം മാർക്ക് നിബന്ധന ഒഴിവാക്കുന്നതും പരിഗണിക്കുന്നതായി മന്ത്രി പറഞ്ഞു. ഗവ. വിമെൻസ് കോളേജിലെ ഇംഗ്ലീഷ് ഓണേഴ്സ് ബ്ലോക്കിന്റെയും നവീകരിച്ച പൈതൃക കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ക്ളാസ് സമയം പുന:ക്രമീകരിക്കുമ്പോൾ വിദേശങ്ങളിലെപ്പോലെ പഠനത്തിനൊപ്പം കുട്ടികൾക്ക് പാർട്ട് ടൈം ജോലികൾ ചെയ്യാനാകും. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സമയം കിട്ടും. എല്ലാ സർവകലാശാലകളിലും പരീക്ഷകൾ ഒരേ സമയം നടത്താനും ഫലപ്രഖ്യാപനം ഒരേ ദിവസമാക്കാനുമാണ് ശ്രമം. അടുത്ത അദ്ധ്യയന വർഷം ബിരുദ- ബിരുദാനന്തര ക്ലാസുകൾ ജൂൺ ഒന്നിനു തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഗവ. വിമെൻസ് കോളേജിൽ രണ്ടു വിഷയങ്ങൾക്കു കൂടി ബിരുദാനന്തരബിരുദ കോഴ്സ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇംഗ്ലീഷ് ഓണേഴ്സ് ബ്ലോക്കിന്റെ നിർമ്മാണം ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ നാലു കോടി രൂപയിലധികം ചെലവിട്ടും, 125 വർഷത്തോളം പഴക്കമുള്ള പൈതൃക കെട്ടിടത്തിന്റെ നവീകരണം പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ 1.35 കോടിക്കുമാണ് പൂർത്തിയാക്കിയത്. ഹാബിറ്റാറ്റ് ചെയർമാൻ ജി.ശങ്കറിന് മന്ത്രി ഉപഹാരം നൽകി. നഗരസഭാ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷത വഹിച്ചു.