തിരുവനന്തപുരം : ഇടതുസർക്കാർ ലൈഫ് പദ്ധതിയിലൂടെ 2,14,000 വീടുകൾ ഇതുവരെ പൂർത്തിയാക്കിയെന്ന് മന്ത്രിമാരായ എ. സി. മൊയ്തീനും കടകംപള്ളി സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2017 ൽ ആരംഭിച്ച ലൈഫ് മിഷൻ മൂന്ന് ഘട്ടങ്ങളായാണ് നടന്നത്. ഒന്നാംഘട്ടത്തിൽ, 2000-01 മുതൽ 2015-16 വരെ ധനസഹായം കിട്ടിയിട്ടും നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന 52,050 വീടുകൾ നിർമ്മിച്ചു. ഇതിനായി സർക്കാർ 670 കോടി രൂപ ചെലവഴിച്ചു.
രണ്ടാംഘട്ടത്തിൽ ഭൂമിയുള്ളവരുടെ ഭവന നിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് നടത്തുന്നത്. രണ്ടാംഘട്ടത്തിൽ 74, 674വീടുകൾ നിർമ്മിച്ചു. ലൈഫ് -പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 47,144 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു.
പട്ടികജാതി വകുപ്പ് 18,811 വീടുകളും പട്ടികവർഗ വകുപ്പ് 738 വീടുകളും പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പ് നിർമിച്ചത് 3725 വീടുകളാണ്.
മൂന്നാംഘട്ടത്തിൽ 1,06,925 ഗുണഭോക്താക്കളെ അർഹരായി കണ്ടെത്തിയിട്ടുണ്ട് . ഇവർക്കായി ഭവനസമുച്ചയങ്ങളാണ് നിർമിക്കുന്നത്. അടിമാലിയിൽ 217 കുടുംബങ്ങൾക്കായി ഭവനസമുച്ചയം പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം 100 ഭവന സമുച്ചയങ്ങൾ കൂടി പൂർത്തീകരിക്കും.
വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം 29ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. വൈകിട്ട് 3ന് മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, എ.കെ.ബാലൻ, എം.എം.മണി, മേഴ്സിക്കുട്ടിഅമ്മ, ടി.പി.രാമകൃഷ്ണൻ, കെ.കെ,ശൈലജ, തോമസ് ഐസക് തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നന്ദിയും പറയും.
ലൈഫ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി അവാർഡ് നൽകും. ഇതോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല കുടുംബസംഗമത്തിൽ 35,000ത്തിലധികം പേർ പങ്കെടുക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തിൽ ഗുണഭോക്താക്കളുടെ ഒത്തുചേരൽ വൈകിട്ട് മൂന്നു മുതൽ സംഘടിപ്പിക്കും. 29ന് രാവിലെ 8.30ന് തിരുവനന്തപുരം കരകുളം ഏണിക്കരയിൽ നടക്കുന്ന ലൈഫ് വീടിന്റെ ഗൃഹപ്രവേശനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
പൂർത്തിയായ വീടുകൾ
തിരുവനന്തപുരം - 32,388, പാലക്കാട് - 24,898, കൊല്ലം - 18,470, പത്തനംതിട്ട- 5,594, ആലപ്പുഴ- 15,880, കോട്ടയം- 7,983, ഇടുക്കി 13,531, എറണാകുളം - 14,901, തൃശൂർ - 15,604, മലപ്പുറം - 17,994, കോഴിക്കോട്- 16,381, വയനാട് - 13,596, കണ്ണൂർ -9236, കാസർകോട് - 7688.