കിളിമാനൂർ: ചൂടിന്റെ ആധിക്യം കൂടിയതോടെ ഉഷാറിലായിരിക്കുകയാണ് ശീതളപാനീയ വിപണി. മുക്കിനു മുക്കിനു പൊന്തി വരുന്ന ശീതളപാനീയ കേന്ദ്രങ്ങൾ പകരുന്ന ആശ്വാസം ചെറുതല്ല. എന്നാൽ ദാഹമകറ്റാൻ എന്തും വാങ്ങി കുടിക്കുന്നവർ സൂക്ഷിക്കുക.നിങ്ങൾ ഉള്ളിലാക്കിയ പാനീയത്തിൽ വില്ലന്മാർ ഒളിച്ചിരിപ്പുണ്ട്.
ഒറിജിനലിനെ വെല്ലും വ്യാജന്മാർ
വ്യത്യസ്‌ത ഫ്ലേവറുകൾ നിറഞ്ഞ കുപ്പികളാണ് ശീതള പാനീയ കേന്ദ്രങ്ങളിലേക്ക് ഉപഭോക്താവിനെ ആകർഷിക്കുന്നത്. പപ്പായ, മുന്തിരി, പൈനാപ്പിൽ, ഓറഞ്ച്, പേരയ്ക്ക, മാംഗോ തുടങ്ങി ഏത് രുചിയും കിട്ടും. എന്നാൽ ഉള്ളിൽ ചെന്നത് വ്യാജനാണെന്ന് തിരിച്ചറിയുമ്പോഴേക്കും ആള് ആശുപത്രിയിലായിട്ടുണ്ടാകും.
പേരിനു പോലും പരിശോധനയില്ല
ജ്യൂസ് തയാറാക്കാൻ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെയും അസംസ്കൃത പദാർത്ഥങ്ങളുടെയും ഗുണനിലവാരത്തിൽ കൃത്യമായ പരിശോധന നടക്കാറില്ല. ആരോഗ്യ,ഭക്ഷ്യ വകുപ്പ് അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. മലേറിയ, വയറിളക്കം തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത് സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.
അർബുദത്തിന് സാദ്ധ്യത
നിറത്തിനും രുചിക്കും വേണ്ടി പാനീയങ്ങളിൽ കലർത്തുന്ന പദാർത്ഥങ്ങൾ ഉദര വ്യവസ്ഥയെയും ദഹനത്തെയും സാരമായി ബാധിക്കും.ആമാശയങ്ങളിൽ വ്രണങ്ങൾ ഉണ്ടാകും.ഛർദി,വയറിളക്കം എന്നിവയ്ക്ക് സാധ്യത.രക്തകോശങ്ങളുടെ ഉത്പാദനത്തെ ബാധിക്കാനും അർബുദത്തിനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
* പല കടകൾക്കും ലൈസൻസില്ല
* നിരോധിത അസംസ്കൃത പദാർത്ഥങ്ങൾ വ്യാപകം
* ഉപയോഗിക്കുന്നത് മലിന ജലം
പാതയോര കച്ചവടക്കാർ നൽകുന്ന ശീതള പാനിയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകും.
കെ. രാജേന്ദ്രൻ, പഴയകുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്