vld-1

വെള്ളറട: ഡ്രെയിനേജ് സംവിധാനം തകരാറിലായി ദിവസങ്ങളായിട്ടും പരിഹരിക്കാത്തതിനാൽ വെള്ളറട നഗരം ദു‌ർഗന്ധപൂരിതമായി. മൂക്ക് പൊത്താതെ ഒരു സെക്കന്റ് പോലും ടൗണിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓടകളിൽ നിന്ന് വമിക്കുന്ന അസഹ്യമായ ദുർഗന്ധം നഗരത്തിലെ കച്ചവടക്കാരെയാണ് ഏറ്റവുമധികം ദുരിതത്തിലാക്കിയത്. നിരന്തരം ദുർഗന്ധം ശ്വസിക്കുന്നതിനാൽ രോഗങ്ങൾ പിടിപെടുമെന്ന പേടിയിലാണ് ഇവർ. മലിനജലം ഒഴുകുന്നതിനായി സ്ഥാപിച്ച പൈപ്പുകൾ വഴി തള്ളുന്ന ഗാർഹിക മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതാണ് ദുർഗന്ധം വമിക്കാൻ ഇടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഓടയിലെ പലഭാഗത്തും സ്ളാബുകളും തകർന്നു കിടക്കുകയാണ്.കാൽനടയാത്രക്കാർ പൊട്ടിയ സ്ളാബിലൂടെ കുഴിയിൽ വീഴാനും സാദ്ധ്യതയുണ്ട്.

ജലരേഖയായി 'ഓപ്പറേഷൻ ഹെൽത്ത്"

വീടുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നത് തടയാൻ ആരോഗ്യ വകുപ്പ് വെള്ളറടയിൽ ഓപ്പറേഷൻ ഹെൽത്ത് എന്ന പദ്ധതി നടപ്പാക്കിയതോടെ പ്രദേശം മാതൃകാ ജംഗ്ഷനായി മാറിയിരുന്നു. അന്ന് വീടുകളിലെ മലിന ജലം ഓടകളിലേക്ക് വിട്ടിരുന്ന കുഴലുകൾ അടച്ചിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. ഇപ്പോൾ ദുർഗന്ധം അസഹ്യമായതിനെ തുടർന്ന് വെള്ളറട ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ തമ്പി സുരേഷ്, സെലിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചു. ഓട പൊതുമരാമത്ത് വകുപ്പിനു കീഴിലായതിനാൽ ഗ്രാമപഞ്ചായത്ത് അധികൃതർ വിഷയം മരാമത്ത് വകുപ്പിന് കൈമാറിയിരിക്കുകയാണ്.

"നഗരത്തിലെ ദുർഗന്ധ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.''

വ്യാപാരി വ്യവസായി വെള്ളറട യൂണിറ്റ് കമ്മിറ്റി

പ്രധാന പ്രശ്നങ്ങൾ

കൊതുക് ശല്യം രൂക്ഷം

ഗാർഹിക മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു

സ്ലാബുകൾ തക‌ർന്നു

 പ്രദേശവാസികൾ രോഗ ഭീതിയിൽ

ക്യാപ്ഷൻ

ദുർഗന്ധം വമിക്കുന്ന വെള്ളറട ടൗണിലെ ഓടകൾ ആരോഗ്യവകുപ്പ് അധികൃതർ പരിശോധിക്കുന്നു