തിരുവനന്തപുരം: ഇൻട്രാവീനസ് ത്രോംബോളിസിസ്, മെക്കാനിക്കൽ ത്രോംബെക്ടമി ചികിത്സകൾവഴി സ്‌ട്രോക്ക് മൂലമുള്ള വൈകല്യങ്ങൾ 30 മുതൽ 40 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ന്യൂറോളജി വിഭാഗം ഡോക്ടർ പ്രൊഫ. പി.എൻ.ശൈലജ. ധമനികളിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ സഹായിക്കുന്ന നൂതന ചികിത്സാ രീതികളാണ് ഇവ രണ്ടും. കഴിഞ്ഞ 20 വർഷത്തിനിടെ സ്‌ട്രോക്ക് ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇന്റഗ്രേറ്റഡ് ഹെൽത്ത് വെൽബീയിംഗ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു അവർ. സ്‌ട്രോക്ക് അടിക്കടി വർദ്ധിച്ചുവരുന്നതിനാൽ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും വേണം. ചികിത്സാ ചെലവും കുറയ്ക്കണം. പല സംസ്ഥാനങ്ങളും ത്രോംബോലിറ്റിക് മരുന്നുകൾ സൗജന്യമായി നൽകുന്നുണ്ട്. ചെലവേറിയതിനാൽ ത്രോംബക്ടമി ഇപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമാണ്. അതിനാൽ കാർഡിയാക് സ്‌റ്റെന്റുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വില കുറയ്ക്കണമെന്നും ഡോ.ശൈലജ ആവശ്യപ്പെട്ടു.