തിരുവനന്തപുരം: 2019-20 അദ്ധ്യയന വർഷത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കേരളകൗമുദി ബോധപൗർണമി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറുകളുടെ സമാപന സമ്മേളനം നാളെ നടക്കും. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന എക്സൈസ് കമ്മിഷ്ണർ ആനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ സുരേഷ് അദ്ധ്യക്ഷനാകും. ലയൺസ് ക്ലബ് 318A ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.ജി.രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ ബോധപൗർണമി സന്ദേശം നൽകും. അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർ, എക്സൈസ് സി.ഐ വൈ.എസ്. ഷിബു, നജ്മുദ്ദീൻ (സി.ഐ, ജനമൈത്രി നാടക ടീം), ഷറഫുദീൻ (എസ്.ഐ),​ റോട്ടറി ക്ലബ് ട്രിവാൻഡ്രം ഡിസ്ട്രിക്ട് ചെയർമാൻ വിനോദ് കുമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. കേരളകൗമുദി നൽകുന്ന ഈ വർഷത്തെ ലഹരി വിരുദ്ധ സന്ദേശ വ്യാപന പുരസ്‌കാരം നെയ്യാറ്റിൻകര കുളത്തൂർ ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സൂര്യാ സുന്ദറിന് നൽകും. ട്രിവാൻഡ്രം സിറ്റി, ട്രിവാൻഡ്രം കവടിയാർ, ട്രിവാൻഡ്രം ഗ്രേറ്റർ, ട്രിവാൻഡ്രം ടവേഴ്സ്, കാട്ടാക്കട ടൗൺ, ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജ് യൂണിയൻ ഭാരവാഹികൾ, ' വെളിച്ചം ' സംഘാടകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കോളേജ് യൂണിയൻ ചെയർപേഴ്സൺ നൗഫിയ മോൾ സ്വാഗതവും, കേരളകൗമുദി സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ കല .എസ്.ഡി നന്ദിയും പറയും. തുടർന്ന് ജനമൈത്രി പൊലീസ് അവതരിപ്പിക്കുന്ന 'പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ' എന്ന നാടകം അരങ്ങേറും.