കാട്ടാക്കട: ആദിവാസികൾക്ക് ഇനി റേഷൻ വാങ്ങാൻ അലയേണ്ട. ഒറ്റപ്പെട്ടുകിടക്കുന്ന ആദിവാസി ഊരുകളിലേക്ക് റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്ക് ജില്ലയിൽ ഇന്ന് തുടക്കമാകും. 27 ആദിവാസി ഊരുകളുള്ള കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ മണ്ണാംകോണം ആദിവാസി ഊരിൽ ഇന്ന് രാവിലെ 10.30ന് മന്ത്രി പി.തിലോത്തമൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ആദിവാസി ക്ഷേമ പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ-വനം-ഭക്ഷ്യ വകുപ്പുകളുടെ സഹകരണത്തോടെയുള്ള പദ്ധതി പ്രകാരം സംസ്ഥാനത്തെ 7000 ലധികം ആദിവാസി ഊരുകളിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജലജ.ജി.എസ്.റാണി അറിയിച്ചു. ഇതോടെ ആദിവാസി ഊരുകളിലെ നിലവിലെ റേഷൻ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് മാത്രവുമല്ല ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട റേഷൻ വിഹിതം ലഭിക്കുമെന്ന് ഉറപ്പുവരുത്താനും കഴിയും. ഇന്ന് രാവിലെ 10ന് കോട്ടൂർ മണ്ണാംകോണം ഊരിൽ നടക്കുന്ന ചടങ്ങിൽ കെ.എസ്.ശബരിനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ.നരസിഹുഗാരി.ടി.എൽ.റെഡ്ഡി വിഷയാവതരണം നടത്തും. അടൂർ പ്രകാശ് എം.പി ആദ്യവിതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഭക്ഷ്യ സെക്രട്ടറി പി.വേണുഗോപാൽ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.
വിതരണം ഇങ്ങനെ
കോട്ടൂർ ആദിവാസി ഊരുകളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നേരിട്ട് എല്ലാ മാസവും 15 ന് മുൻപായി ജീപ്പുകളിൽ റേഷൻ സാധനങ്ങൾ വീടുകളിലെത്തിക്കും. ഓരോ ഊരുകളിലേയും റേഷൻ വിതരണത്തിന് അതത് റേഷനിംഗ് ഇൻസ്പെക്ടർമാർ മേൽനോട്ടം വഹിക്കും.എസ്.ടി പ്രൊമോട്ടർമാർ ഊരുകളിൽ റേഷനെത്തുന്ന വിവരം അറിയിക്കും. പരാതികൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്‌പെക്ടറെയോ താലൂക്ക് - ജില്ലാ സപ്ലൈ ഓഫീസർമാരെയോ സമീപിക്കാം.
നിലവിലെ അവസ്ഥ
കുറ്റിച്ചൽ പഞ്ചായത്തിലെ അഗസ്ത്യ വനമേഖലയ്ക്ക് താഴെയുള്ള ഊരുകളിലെ ആദിവാസികൾ കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടൂർ എത്തിയാണ് റേഷൻ സാധനങ്ങൾ വാങ്ങുന്നത്. കിലോമീറ്ററുകളോളം തലച്ചുമടായോ നിരവധി കുടുംബങ്ങൾ ചേർന്ന് വാഹനങ്ങൾ വാടകയ്ക്കെടുത്തോ വേണം ഈ സാധനങ്ങൾ മുകളിലെത്തിക്കാൻ. എന്നാൽ മഴക്കാലമായാൽ കാട്ടിലൂടെ നടന്നെത്തുന്നതും പുഴകളിൽ ജലനിരപ്പ് ഉയരുന്നതും വന്യമൃഗങ്ങളും ഇവർക്ക് ഭീഷണിയായി മാറും.
പ്രയോജനപ്പെടുന്നത് ജില്ലയിലെ 250 ഊരുകളിലെ 7761 ആദിവാസി കുടുംബങ്ങൾക്ക്