കഴക്കൂട്ടം: വികസനത്തോട് വിട പറഞ്ഞുള്ള ഇടതുഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ നികുതി ഭീകരതയ്‌ക്കെതിരെയും വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വർദ്ധിപ്പിച്ച ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം പള്ളിപ്പുറം വില്ലേജ് ഓഫീസിന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 1103 കോടി രൂപയുടെ നികുതി ഭാരമാണ് ജനങ്ങളുടെ തലയിൽ സർക്കാർ അടിച്ചേല്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടൂർപ്രകാശ് എം.പി, കോൺഗ്രസ് നേതാക്കളായ എം.എ. വാഹിദ്, പാലോട് രവി, എം.എ. ലത്തീഫ്, അഡ്വ.എം. മുനീർ, കരംകുളം കൃഷ്ണപിള്ള, കെ.പി. അനിൽകുമാർ, ഭുവനേന്ദ്രൻ നായർ, വിക്രമൻനായർ, മുരളീധരൻനായർ, അഡ്വ. അൽത്താഫ്, ജോൺ വിഗ്നേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.