നെടുമങ്ങാട്: ആനാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ആനാട് കാർഷിക മേളയ്ക്ക് നാളെ തിരിതെളിയും. ആറു ദിവസം നീളുന്ന മേളയിൽ കാർഷിക വിളകളുടെ പ്രദർശനവും വിൽപ്പനയും, കർഷകരെ ആദരിക്കൽ, കാർഷിക സഹകരണ സെമിനാറുകൾ, കർഷകരുടെ അനുഭവവേദി എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ അറിയിച്ചു. മേളയിൽ പ്രവേശനം സൗജന്യമാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബാങ്ക് മുൻ പ്രസിഡന്റ് എ.ജി. തങ്കപ്പൻ നായർ, സഹകരണ സംഘം അസി.രജിസ്ട്രാർ വിജു ശങ്കർ, പി.എസ് ഷൗക്കത്ത് എന്നിവർ പങ്കെടുക്കും. മാർച്ച് 1 ന് രാവിലെ 10 ന് കാർഷിക ക്വിസ്, വൈകിട്ട് വിദ്യാർത്ഥികളുടെ കലാപ്രദർശനം, 6 ന് വിദ്യാഭ്യാസ പ്രഭാഷണത്തിൽ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ഷിജുഖാൻ മുഖ്യപ്രഭാഷണം നടത്തും. എസ്.വി കിഷോർ, ടി.പദ്മകുമാർ എന്നിവർ പങ്കെടുക്കും. 2 ന് വൈകിട്ട് 4.30 ന് നടക്കുന്ന കാർഷിക സമ്മേളനം അഡ്വ. ആർ.ജയദേവന്റെ അദ്ധ്യക്ഷതയിൽ ഡി.കെ മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. 3 ന് വൈകിട്ട് 4.30 ന് സഹകരണ സെമിനാർ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്‌ഘാടനം ചെയ്യും. 4 ന് കർഷകരുടെ അനുഭവവേദിയും സമാപന സമ്മേളനവും. കൃഷി ഓഫീസർ എസ്.ജയകുമാർ മോഡറേറ്ററാവും. ബ്ലോക്ക് പ്രസിഡന്റ് ബി.ബിജു സമ്മാനദാനം നിർവഹിക്കും.