തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ 2020 - 21ലെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ജില്ലപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം ചെയ്‌തു. 2019-20ലെ പദ്ധതി വിഹിതം പൂർണമായി വിനിയോഗിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളിൽ 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന ഹോട്ടലുകൾ തുടങ്ങാനും ജില്ലയിൽ വയോജനങ്ങൾക്കായി 5000 ക്ലബുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1000 ജോഡി ടോയ്‌ലെറ്റുകൾ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷൈലജാബീഗം സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി പദ്ധതികൾ വിശദീകരിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.എൻ. ഹരിലാൽ സംസാരിച്ചു. ജില്ലാപഞ്ചായത്ത് പുറത്തിറക്കിയ പൗരാവകാശരേഖയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് നന്ദി പറഞ്ഞു . തൊഴിലുറപ്പു പദ്ധതി നിർവഹണം ഉൾപ്പെടെ ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതി നിർവഹണത്തിനായി 650 കോടി രൂപയാണ് വകയിരുത്തിയത്. ജില്ലാപഞ്ചായത്ത് നടപ്പിലാക്കി വരുന്ന പാഥേയം, സ്‌നേഹധാര, കേദാരം. ഹരിതഭവനം, സ്‌നേഹതുമ്പി, സാരഥി, സ്‌നേഹസ്‌പർശം, ജലശ്രീ, രക്ഷ, ദിശ, വിദ്യാജ്യോതി, ജൈവസമൃദ്ധി, ഹാച്ചറി യൂണിറ്റ്, ഗ്രീൻ മിൽക്ക്, മാനസ, സെല്ലുലോയ്ഡ്, കൂത്തമ്പലം, വനജ്യോതി, വഴിയമ്പലം, സർഗവായന സമ്പൂർണ വായന, ന്യൂലൈഫ് ഭവന നിർമ്മാണം തുടങ്ങിയവയുടെ നടത്തിപ്പിനും പൂർത്തീകരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. 150 ദിവസങ്ങൾക്കുള്ളിൽ 150 പദ്ധതികൾ എന്നതാണ് ലക്ഷ്യമിടുന്നത്. ആർദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം തുടങ്ങിയ പദ്ധതികളുമായി ചേർന്ന് പ്രവർത്തിക്കുന്ന പദ്ധതികൾക്കാണ് ജില്ലാപഞ്ചായത്ത് രൂപം നൽകിയത്.