arrest-sujith

വർക്കല: വിനോദസഞ്ചാരികളെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിലെ പ്രതി പരവൂർ കുറുമണ്ടൽ പെരുമ്പുഴ യക്ഷിക്കാവിനു സമീപം താമസിക്കുന്ന സുജിത്തിനെ (37) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 23ന് രാവിലെ 3 മണിക്ക് പാപനാശം ഹെലിപ്പാഡിന് താഴെ പ്രധാനബീച്ചിൽ ഫ്രഞ്ചുകാരനായ അരിഫ്ഫെറ്റെലിയെയും സുഹൃത്ത് നെതർലൻഡ്സുകാരിയെയും ആക്രമിച്ച ശേഷം ഫെറ്റെലിയുടെ രണ്ട് പവൻ മാല പൊട്ടിച്ചെടുത്തതായാണ് കേസ്. തിരുവാമ്പാടി ലുങ്കിവൈബ് എന്ന ഹോംസ്റ്റേയിൽ താമസിച്ചു വരികയായിരുന്ന ഫെറ്രെലി വനിതാസുഹൃത്തുമൊത്ത് തീരത്ത് ഇരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഓം എന്ന് ഇംഗ്ലീഷിൽ എഴുതിയ കുർത്ത ധരിച്ച ആൾ എന്നു മാത്രമേ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നുളളൂ. ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിനിടയിലാണ് ഇത്തരത്തിലുളള കുർത്തധരിക്കുന്ന ഒരാൾ ക്ലിഫിലെ ഒരു റസ്റ്റാറന്റിൽ ജോലി ചെയ്യുന്നതായി പൊലീസിനു വിവരം ലഭിച്ചത്. സീസണിന്റെ തുടക്കത്തിൽ ടൂറിസം മേഖലയിലെ ജീവനക്കാരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചത് പരിശോധിച്ചതിൽ നിന്നുളള ഫോട്ടോകൾ ഫ്രഞ്ചുകാരനെ കാണിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വർക്കല പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ വർക്കല സബ്-ഇൻസ്പെക്ടർ ശ്യാം എം.ജി പ്രൊബേഷൻ എസ് ഐ പ്രവീൺ, ജി.എസ്.ഐ ഹരീഷ്, ജി.എ.എസ്.ഐ ഉത്തരേന്ദ്രനാഥ്‌ , എസ്.സി പി.ഒ. ഷാജിഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡുചെയ്തു.