devaswam-board
DEVASWAM BOARD

തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സംവരണം യാഥാർത്ഥ്യമായി.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ ആറ് ഉദ്യോഗാർഥികളെ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നൽകി നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ശുപാർശ നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവർ ഇന്ന് ജോലിയിൽ പ്രവേശിക്കും.

നിലവിലുള്ള 64 ഒഴിവുകളിലേക്ക് സംവരണ വ്യവസ്ഥ പ്രകാരം 12 ഈഴവർക്കും, ആറ് പട്ടികജാതിക്കാർക്കും, പട്ടികവർഗ,വിശ്വകർമ,ധീവര സമുദായങ്ങളിലെ ഒാരോ ആൾക്കും നിയമന ശുപാർശ നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ രണ്ട് പേർക്കും ഒരു വിമുക്തഭടനും സംവരണം നൽകിയിട്ടുണ്ട്. ആദ്യമായാണ് ഭിന്നശേഷി സംവരണം ബോർഡിൽ നടപ്പിലാക്കുന്നത്.

ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ 169 പേരാണുള്ളത്. പട്ടികയിൽ 38 പേർ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സംവരണത്തിന് അർഹതയുള്ളവരുമാണ്. സപ്ലിമെന്ററി ലിസ്റ്റിൽ 17 പേർ സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവരാണ്.

ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം ഉൾപ്പെടെ വിവിധ സംവരണങ്ങൾ പുതുതായി നിർദേശിച്ച് റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ നൽകിയ ശുപാർശ 2017 നവംബർ 15ലെ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. തുടർന്നാണ്, 10 ശതമാനം സാമ്പത്തിക സംവരണത്തിന് മന്ത്രിസഭ അനുമതി നൽകിയത്. വീണ്ടും ഒരു വർഷം കഴിഞ്ഞാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. തുടർന്ന് സാമ്പത്തിക സംവരണം നടപ്പാക്കാൻ ഉത്തരവായ ശേഷം മാനദണ്ഡങ്ങൾ രൂപീകരിച്ച് 2019 നവംബർ 18ന് വിജ്ഞാപനമായി.. ഇതുപ്രകാരം രേഖകൾ പരിശോധിച്ചാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് റാങ്ക് പട്ടിക തയാറാക്കിയത്. വാർത്താസമ്മേളനത്തിൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ, അംഗങ്ങളായ ജി.എസ്. ഷൈലാമണി, പി.സി.രവീന്ദ്രനാഥൻ എന്നിവരും സംബന്ധിച്ചു.

സാമ്പത്തിക സംവരണ

മാനദണ്ഡങ്ങൾ
 അപേക്ഷകൻ പ്രതിവർഷം മൂന്ന് ലക്ഷത്തിലധികം വരുമാനമുള്ള കുടുംബത്തിൽപ്പെട്ടയാളാവരുത്

 അപേക്ഷകന്റെ കുടുംബത്തിന് ഒരേക്കറിലധികം ഭൂമിയുണ്ടാവരുത്.

 അപേക്ഷകന്റെ കുടുംബാംഗങ്ങളിലാരും ഇൻകം ടാക്‌സ് അടയ്ക്കുന്നവരാവരുത്.

 കുടുംബത്തിലുള്ളവർ സർക്കാർ/ അർധസർക്കാർ/ സഹകരണ/ സർക്കാർ സാമ്പത്തികസഹായം ലഭിക്കുന്ന സ്ഥാപനങ്ങളിൽ ജോലിയുള്ളവരാവരുത്