തിരുവനന്തപുരം: ലോക ചരിത്രത്തിലെ സമാനതകളില്ലാത്ത സദ്ഗുണങ്ങളുടെ പ്രതീകമാണ് മഹാത്മാഗാന്ധിയെന്നും ഗാന്ധിയനാകാൻ സാധിച്ചാൽ അതിനപ്പുറം മഹത്തായ കാര്യം മറ്റൊന്നില്ലെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധി സെന്ററിന്റെ നേതൃത്വത്തിൽ 150 സ്‌കൂളുകളിൽ നടത്തുന്ന 'ഗാന്ധിയെ അറിയാൻ' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പുന്നമൂട് ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിസെന്റർ ചെയർമാൻ വി.എസ്. ഹരീന്ദ്രനാഥ് അദ്ധ്യക്ഷനായി. അഖിലേന്ത്യാ ഗാന്ധിസ്‌മാരകനിധി മുൻ ചെയർമാൻ പി. ഗോപിനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്‌തു. കേരള സർവകലാശാല മുൻ രജിസ്ട്രാർ കെ.എ. ഹാഷിം, ജില്ലാ പഞ്ചായത്തംഗം വി. ലതാകുമാരി, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം ജി. സതീശൻ, ഗ്രാമ പഞ്ചായത്തംഗം ജി.എസ്. ബിജു, പ്രിൻസിപ്പൽ ആർ.ജെ. റോബിൻ ജോസ്, ഹെഡ്മിസ്ട്രസ് വി.പി. അനിതകുമാരി, ഗാന്ധി സെന്റർ ജനറൽ സെക്രട്ടറി കെ. ഉദയനൻ നായർ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ഉദയകുമാർ സ്വാഗതം പറഞ്ഞു.