ബാലരാമപുരം: രാമപുരം ശ്രീഭദ്രകാളിദേവീക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി 29 ന് നടക്കുന്ന ഘോഷയാത്രയോടനുബന്ധിച്ച് അവലോകനയോഗം ചേർന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. വഴിമുക്ക്, ​കല്ലുംമൂട്,​ പ്ലാവിള,​ രാമപുരം തുടങ്ങിയ ഭാഗങ്ങളിൽ സി.സിടിവി കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഘോഷയാത്ര ആരംഭിക്കുന്ന അഗസ്ത്യാർക്ഷേത്രത്തിന് സമീപം ദേശീയപാതയിൽ വാഹനഗതാഗതം വൺവേ ആയി ക്രമീകരിക്കും. നെയ്യാറ്റിൻകര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബാലരാമപുരം വഴി തിരുവനന്തപുരം ഭാഗത്തേക്ക് കടത്തിവിടും. തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുക്കമ്പാലമൂട്,​ എരുത്താവൂർ,​ ചാനൽപ്പാലം,​റസൽപ്പുരം വഴി നെയ്യാറ്റിൻകര ഭാഗത്തേക്ക് വഴിതിരിച്ചുവിടും. തിരുമുടി എഴുന്നള്ളത്ത്,​ കുത്തിയോട്ടം,​ താലപ്പൊലി,​ കാവടി തുടങ്ങിയവ നിയന്ത്രിക്കാൻ ക്ഷേത്ര കമ്മിറ്റി പ്രത്യേക വോളന്റിയേഴ്സിനെയും നിയോഗിച്ചു. പൊലീസ്,​ ക്ഷേത്ര ട്രസ്റ്റ് ഉത്സവ കമ്മിറ്റി ഭാരവാഹികൾ വോളന്റിയേഴ്സിന് നിർദ്ദേശങ്ങൾ കൈമാറും. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിന് ഭക്തജനങ്ങളുടെ പൂർണസഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര ട്രസ്റ്റ് –ഉത്സവകമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ക്ഷേത്ര വനിതാ സംഘം പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.