ന്യൂയോർക്ക് : സൗന്ദര്യം കൊണ്ടും കേളീ മികവ് കൊണ്ടും ടെന്നിസ് കോർട്ടുകളെ ഉത്സവ ലഹരിയിലാഴ്ത്തിയ റഷ്യൻ വനിതാ താരം മരിയ ഷറപ്പോവ കളിക്കളത്തിൽ നിന്ന് വിരമിക്കുന്നു.
ദീർഘനാളായി തന്നെ അലട്ടുന്ന തോളിലെ വേദനയെത്തുടർന്നാണ് 32-ാം വയസിൽ ഇൗ കടുത്ത തീരുമാനമെടുക്കേണ്ടിവന്നതെന്ന് ഇന്നലെ മരിയ അറിയിച്ചത്. 2016ൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെതുടർന്ന് രണ്ടുവർഷത്തോളം കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്ന ഷറപ്പോവ മടങ്ങിയെത്തിയെങ്കിലും പഴയ ഫോം കണ്ടെത്താൻ കഴിഞ്ഞതേയില്ല. നിരവധി ടൂർണമെന്റുകളിൽ നിന്ന് പിൻമാറണ്ടേിവന്നു. ഇതോടെ ഒരുകാലത്ത് ഒന്നാം റാങ്ക് അലങ്കരിച്ചിരുന്ന റഷ്യൻ സുന്ദരി 373-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കഴിഞ്ഞവർഷം വിരലിലെണ്ണാവുന്ന ടൂർണമെന്റുകളിൽ മാത്രമാണ് കളിച്ചത്.
വാനിറ്റി ആൻഡ് ഫെയർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മരിയ തന്റെ വിടവാങ്ങൽ തീരുമാനം അറിയിച്ചത്.
ഇക്കഴിഞ്ഞ ആസ്ട്രേലിയൻ ഒാപ്പൺ അടക്കം നിരവധി ടൂർണമെന്റുകളിൽ ആദ്യറൗണ്ടിൽ പുറത്താകേണ്ടിയും വന്നു.
വിംബിൾഡണിൽ തുടക്കം
തന്റെ 17-ാം വയസിൽ വിംബിൾ ഡൺ നേടിയാണ് മരിയ കോർട്ടിലേക്കുള്ള വരവറിയിച്ചത്. അക്കാലത്തെ ഏറ്റവും വലിയ അട്ടിമറിയെന്ന് നിരൂപകർ വിശേഷിപ്പിച്ച ഫൈനലിൽ തുടർച്ചയായി രണ്ടുതവണ കിരീടം നേടിയിരുന്ന സെറീന വില്യംസിനെ 6-1, 6-4ന് കീഴടക്കിയാണ് ഷറപ്പോവ വിംബിൾ ഡണിിലെ പുൽത്തകിടിയിൽ പുതിയ നക്ഷത്രമായി ഉദിച്ചുയർന്നത്.
5
ഗ്രാൻസ്ളാം കിരീടങ്ങൾ
2004- വിംബിൾ ഡൺ
2006-യു.എസ്. ഒാപ്പൺ
2008 -ആസ്ട്രേലിയൻ ഒാപ്പൺ
2012, 14- ഫ്രഞ്ച് ഒാപ്പൺ
36
ഡബ്‌ള്യു.ടി.എ കിരീടങ്ങൾ
4
ഐ.ടി.എഫ് കിരീടങ്ങൾ
816 മത്സരങ്ങൾ
645-വിജയങ്ങൾ
171- തോൽവികൾ
2004 ൽ ഡബ്‌ള്യു.ടി.എ ടൂർ ഫൈനൽസ് ജേതാവ്.
കോർട്ടിലെ മുരൾച്ച
കരുത്തുറ്റ ഷോട്ടുകൾക്കൊപ്പം ഒാരോ ഷോട്ട് പറത്തുമ്പോഴും ഷറപ്പൗവയിൽ നിന്ന് ഉയരുന്ന മുരൾച്ചയും ഗാലറിയെ ആവേശത്തിലാഴ്ത്തിയിരുന്നു. പെൺകടുവയുടെ മുരൾച്ചെന്ന് ഇതിനെ വിശേഷിപ്പിച്ച കളിയെഴുത്തുകൾ ഏറെയാണ്.
2005
ആഗസ്റ്റ് 22ന് തന്റെ 18-ാം വയസിൽ ഷറപ്പോവ ആദ്യമായി ലോക റാങ്കിംഗിൽ ഒന്നാമതെത്തി. ഇൗ നേട്ടം കരസ്ഥമാക്കുന്ന ആദ്യ റഷ്യൻ വനിതയുമായി.
1987 ൽ റഷ്യയിലാണ് ജനനമെങ്കിലും 1994 മുതൽ താമസം അമേരിക്കയിലാണ്.
അതി സമ്പന്ന
2001 ൽ പ്രൊഫഷണൽ സർക്യൂട്ടിലെത്തിയ മരിയ തുടർച്ചയായ 11 വർഷം ഫോബ്സ് മാഗസിൻ പട്ടികയിൽ ഏറ്റവുമധികം വരുമാനമുള്ള വനിതാ കായിക താരമായിരുന്നു.
എനിക്ക് അറിയാവുന്ന ഏകജീവിതം ഞാൻ എങ്ങനെയാണ് ഉപേക്ഷിച്ചുപോവുക? കൊച്ചുകുട്ടിയായിരുന്നപ്പോൾ മുതൽ പരിശീലനത്തിനെത്തിയിരുന്ന ടെന്നിസ് കോർട്ടുകളിൽനിന്ന് എങ്ങനെയാണ് പിരിഞ്ഞുപോവുക. 28 കൊല്ലത്തിലേറെ എന്നെ ഞാനാക്കിയ എന്റെ കുടുംബമായി മാറിയ, പറഞ്ഞറിയിക്കാനാകാത്ത സങ്കടങ്ങളും സന്തോഷങ്ങളും കൊണ്ട് നിറച്ച ഇൗ ഗെയിമിനോട് എങ്ങനെയാണ് വിട പറയുക? എനിക്കിത് പുതിയ അനുഭവമാണ്, എന്നോട് ക്ഷമിക്കുക.
ടെന്നിസ്, നിന്നോട് ഞാൻ ഗുഡ്ബൈ പറയുന്നു.