ഐ.സി.സി ടെസ്റ്റ് ബാറ്റ്‌സ്‌മാൻ റാങ്കിംഗിൽ വിരാട് കൊഹ്‌ലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി
ദുബായ് : ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ 21 റൺസ് മാത്രം നേടാനായ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിക്ക് ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. 96 പോയിന്റുള്ള കൊഹ്‌ലിയെ രണ്ടാമതാക്കി ആസ്ട്രേലിയൻ മുൻ നായകൻ സ്റ്റീവൻ സ്മിത്ത് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. 911 പോയിന്റാണ് സ്മിത്തിനുള്ളത്. 853 പോയിന്റുമായി കിവീസ് നായകൻ കേൻ വില്യംസാണാണ് മൂന്നാം സ്ഥാനത്ത്. ആസ്ട്രേലിയൻ യുവതാരം മാർനസ് ലബുഷാംനെ നാലാമതുണ്ട്.
2015
ഡിസംബറിനു ശേഷം വിരാട് കൊഹ്‌ലിയും സ്റ്റീവൻ സ്മിത്തും അല്ലാതെ മറ്റാരും ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിലെ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല.
2015 ഡിസംബറിൽ എട്ടു ദിവസം കേൻ വില്യംസൺ ഒന്നാമതുണ്ടായിരുന്നു.
2015 ജൂണിൽ ആദ്യമായി ഒന്നാം റാങ്കിലെത്തിയ സ്മിത്ത് അതിനുശേഷം എട്ടാം തവണയാണ് ഒന്നാം റാങ്കിലെത്തുന്നത്.
പന്തുരയ്ക്കൽ വിവാദത്തിൽപ്പെട്ട് വിലക്കിലായിരുന്ന സ്മിത്ത് തിരിച്ചെത്തി ആഷസിലെ മികച്ച പ്രകടനത്തോടെ പഴയ സിംഹാസനം കൊഹ്‌ലിയിൽ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു.
8
ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ ഒരു പടവ് കയറി എട്ടാം റാങ്കിലെത്തി.
9
ചേതേശ്വർ പുജാര രണ്ട് പടവിറങ്ങി ഒൻപതാമതായി.
10
മായാങ്ക് അഗർവാൾ 10-ാം റാങ്കിലേക്ക് തിരിച്ചെത്തി.
ബൗളർമാരുടെ പട്ടികയിൽ ടോപ് ടെന്നിൽ ഇന്ത്യയിൽ നിന്ന് അശ്വിൻ (9) മാത്രമേയുള്ളൂ.
ആൾ റൗണ്ടർമാരുടെ പട്ടികയിൽ അശ്വിൻ അഞ്ചാമതും ജഡേജ മൂന്നാമതുമാണ്.
ടെസ്റ്റ് ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.