തിരുവനന്തപുരം: യൂണിവേഴ്സിറ്റി പരീക്ഷയുടെ മാർക്ക് ചേർക്കാതെ, ഇന്റേണൽ പരീക്ഷയുടെ മാർക്ക് മാത്രം ചേർത്ത് എം.ബി.എ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് സാങ്കേതിക സർവകലാശാല. ഗുരുതരമായ പിഴവ് കണ്ടെത്തി തിരുത്തിയപ്പോൾ വിദ്യാർത്ഥികൾ കൂട്ടത്തോടെ തോറ്റു. ഒടുവിൽ എല്ലാം സോഫ്‌റ്റ്‌വെയറിന്റെ തലയിൽ വച്ച് തടിതപ്പി.
സർവകലാശാലാ പരീക്ഷയുടെ മാർക്ക് ചേർക്കാതെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി എം.ബി.എ ഒന്നാം സെമസ്റ്രർ ഫലം പ്രഖ്യാപിച്ചത്. ഇന്റേണൽ മാർക്ക് മാത്രം പരിഗണിച്ചതോടെ എല്ലാ കുട്ടികളും വിജയിച്ചു. മിക്ക കോളേജുകളിലും 95 ശതമാനത്തിന് മുകളിലായിരുന്നു വിജയം. മണിക്കൂറുകൾക്കകം സോഫ്‌റ്റ്‌വെയറിലെ പിശക് കണ്ടെത്തി തിരുത്തി. യഥാർത്ഥ പരീക്ഷയുടെ മാർക്ക് കൂട്ടിച്ചേർത്തപ്പോൾ വിജയശതമാനം കുത്തനെ താണു.
വെള്ളിയാഴ്ച പുലർച്ചെ വെബ്സൈറ്റിൽ പുതിയ ഫലം പ്രത്യക്ഷപ്പെട്ടു. തലേന്ന് ജയിച്ച പലരും പിറ്റേന്ന് തോറ്റു. ഫലം മാറിയതോടെ സർവകലാശാല ആസ്ഥാനത്ത് പരാതി പ്രളയമായി. പരാതിയുള്ളവർക്ക് പുനർ മൂല്യനിർണയം നടത്താമെന്നാണ് സർവകലാശാലയുടെ നിലപാട്. സർവകലാശാല ചട്ടപ്രകാരം പുനർ മൂല്യനിർണയത്തിന് 5000 രൂപയാണ് ഫീസ്.
ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയാണ് സർവകലാശാലയുടെ പരീക്ഷാ സോഫ്‌റ്റ്‌വെയർ കൈകാര്യം ചെയ്യുന്നത്. മാർക്ക് കൂട്ടിച്ചേർത്തതിൽ സംഭവിച്ച പിഴവാണ് കാരണമെന്നാണ് സർവകലാശാലയുടെ വിശദീകരണം. പരീക്ഷാ, ഐ.ടി വിഭാഗങ്ങളോട് വൈസ് ചാൻസലർ വിശദീകരണം തേടിയിട്ടുണ്ട്.