കിളിമാനൂർ : രാത്രിയുടെ മറവിൽ വീട് തീയിട്ടു നശിപ്പിച്ചു. കിളിമാനൂർ കാനാറയിൽ പ്രവീൺ -ശരണ്യ ദമ്പതികളുടെ കാനാറ ചരുവിള പുത്തൻ വീടാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അജ്ഞാതർ തീയിട്ടത്. ഇവിടെ പുതിയ റോഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി ഈ മാസം 18 ന് രാത്രിയിൽ ഇവിടെ അടിപിടിയും വീടുകയറി അക്രമവും നടന്നിരുന്നു. അക്രമത്തിൽ കാനാറ മഠത്തിൽ കുന്നുവീട്ടിൽ ശാന്ത (50)യ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും സംഭവത്തിൽ 2 പേരെ കിളിമാനൂർ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. അവർ റിമാൻഡിലുമാണ്. റിമാൻഡിൽ കഴിയുന്ന പ്രവീണിന്റെ വീടാണ് തീയിട്ടു നശിപ്പിച്ചത്. കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു .