mohasn-bhagavath

തിരുവനന്തപുരം: ലളിത ജീവിതവും ഉന്നത ചിന്തയും പഠിപ്പിക്കുന്നതിനൊപ്പം അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയായിരുന്നു ഭാരതീയ വിചാരകേന്ദ്രം മുൻ ഡയറക്ടർ പി.പരമേശ്വരനെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. കവടിയാർ ഉദയ് പാലസിൽ നടന്ന പി.പരമേശ്വരൻ അനുസ്‌മരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജീവനതപസ്യ പിന്തുടർന്ന കർമ്മയോഗിയായിരുന്നു അദ്ദേഹം. എല്ലാവരോടും അനുകമ്പയോടും സ്നേഹത്തോടെയുമാണ് പെരുമാറിയത്. അദ്ദേഹത്തിന് ശത്രുവായി ഒരാൾ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗം ഇവിടെയൊരു ശൂന്യത സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ,​ കണ്ണുതുറന്ന് പിടിച്ചാൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നമുക്കിവിടെ അനുഭവിക്കാം. വെല്ലുവിളികളിലും ബുദ്ധിമുട്ടുകളിലും നിന്ന് ഒളിച്ചോടാതെ അവയെ അദ്ദേഹം സധൈര്യം നേരിട്ടു. മിതഭാഷിയെങ്കിലും പറയാനുള്ളത് വ്യക്തമായി പറയുമായിരുന്നു. ലക്ഷ്യസാദ്ധ്യത്തിന് വേണ്ടി പൂർ‌ണമായി അർപ്പിച്ചു. ഒരു സ്വയംസേവകൻ എങ്ങനെ ആയിരിക്കണമെന്ന് കർമ്മവും ജീവിതവും കൊണ്ട് തെളിയിച്ച വ്യക്തിയാണ് പി.പരമേശ്വരൻ. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അദ്ദേഹം പൂർണമായി വിജയിച്ചുവെന്നും ഭഗവത് പറഞ്ഞു.

കേരള കലാമണ്ഡലം മുൻ ചെയർമാൻ ഡോ.വി.ആർ.പ്രബോധചന്ദ്രൻ നായർ അദ്ധ്യക്ഷനായി. തൃശൂർ ശ്രീരാമകൃഷ്‌ണ ആശ്രമം പ്രസിഡന്റ് സ്വാമി സദ്ഭാവാനന്ദ,​ ചിന്മയ മിഷൻ പ്രസിഡന്റ് സ്വാമി വിവിക്താനന്ദ,​ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ,​ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി അമൃതസ്വരൂപാനന്ദ,​ ശ്രീ എം,​ ചെങ്കൽ ശിവപാർവതി ക്ഷേത്രം തന്ത്രി സ്വാമി മഹേശ്വരാനന്ദ സരസ്വതി,​ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,​ ഒ.രാജഗോപാൽ എം.എൽ.എ,​ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം വൈസ് പ്രസിഡ‌ന്റ് എ,​ബാലകൃഷ്ണൻ,​ കവി പി. നാരായണകുറുപ്പ്, ജോർജ് ഓണക്കൂർ, നിവേദിത ഭിഡെ,​ ഡോ.എം.മോഹൻദാസ്,​ പി.ഇ.ബി. മേനോൻ,​ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ആർ സഞ്ജയൻ സ്വാഗതം പറഞ്ഞു.