# വനിതാ ട്വന്റി - 20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടുന്നു
# മൂന്നാം തുടർ ജയത്തോടെ സെമി ഉറപ്പിക്കാൻ ഇന്ത്യൻ വനിതകൾ
ടി.വി. ലൈവ് : രാവിലെ 9.30 മുതൽ സ്റ്റാർ സ്പോർട്സിൽ
മെൽബൺ : ആദ്യ രണ്ട് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ടീം ആസ്ട്രേലിയയിൽ നടക്കുന്ന ഐ.സി.സി വനിതാ ട്വന്റി - 20 ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം മത്സരത്തിലും വിജയിച്ച് സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇന്നിറങ്ങുന്നു. രാവിലെ 9.30 മുതൽ മെൽബണിലാണ് മത്സരം. ന്യൂസിലൻഡാണ് ഇന്നത്തെ എതിരാളികൾ.
ആദ്യ മത്സരത്തിൽ 17 റൺസിന് ആസ്ട്രേലിയയെയും രണ്ടാം മത്സരത്തിൽ 18 റൺസിന് ബംഗ്ളാദേശിനെയും കീഴ്പ്പെടുത്തിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം കഴിഞ്ഞാൽ ശനിയാഴ്ച ശ്രീലങ്കയ്ക്കെതിരായ മത്സരം മാത്രമാണ് പ്രാഥമിക റൗണ്ടിൽ ശേഷിക്കുന്നത്. ഗ്രൂപ്പ് എയിൽ ഇപ്പോൾ നാലു പോയിന്റുമായി ഒന്നാമതുള്ള ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിൽ എത്താനുള്ള സുവർണാവസരമാണിത്.
ഇന്ത്യ ടൂർണമെന്റിലെ മൂന്നാമങ്കത്തിനിറങ്ങുമ്പോൾ കിവീസിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഏഴ് വിക്കറ്റ് വിജയം നേടിയ കിവീസ് രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.
ആദ്യ മത്സരത്തിൽ ദീപ്തി ശർമ്മയുടെ (49 നോട്ടൗട്ട്) ബാറ്റിംഗും പൂതം യാദവിന്റെയും (നാല് വിക്കറ്റ്) ശിഖ പാണ്ഡെയുടെയും (മൂന്ന് വിക്കറ്റ്) ബൗളിംഗുമാണ് ഇന്ത്യയ്ക്ക് വിജയം നൽകിയതെങ്കിൽ രണ്ടാം മത്സരത്തിൽ ഷെഫാലി വർമ്മ (39) ജെമീമ റോഡ്രിഗസ് (34) എന്നിവർ ബാറ്റിംഗിലും പൂനം യാദവ് (മൂന്ന് വിക്കറ്റ്), ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഢി (രണ്ട് വിക്കറ്റ് വീതം) എന്നിവർ ബൗളിംഗിലും തിളങ്ങി.
നിലവിലെ ലോക ചാമ്പ്യൻമാരായ ആസ്ട്രേലിയയ്ക്കെതിരെ ആദ്യ മത്സരത്തിൽ നേടിയ വിജയം ഇന്ത്യൻ നിരയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. എന്നാൽ പരിചയ സമ്പന്നരായ ഹർമൻ പ്രീത് കൗർ, സ്മൃതി മന്ദാന എന്നിവർക്ക് ബാറ്റിംഗിൽ പ്രതീക്ഷിച്ച ഫോമിലേക്ക് എത്താൻ കഴിയാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. യുവ താരങ്ങളായ ഷെഫാലിയും ജെമീമയും കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത പ്രകടനം പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. 17 പന്തുകളിൽ രണ്ട് ഫോറും നാലു സിക്സുമടക്കം 39 റൺസടിച്ചുകൂട്ടിയ ഷെഫാലി ട്വന്റി - 20 ഫോർമാറ്റിലെ വാഗ്ദാനം തന്നെയാണ്.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 55 പന്തുകളിൽ 75 റൺസ് നേടിയ സോഫീ ഡിവൈൻ നയിക്കുന്ന ന്യൂസിലൻഡ് ടീം ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. മാഡി ഗ്രീൻ, റേച്ചൽ പ്രീസ്റ്റ്, സൂസി ബേറ്റ്സ് തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങൾ കിവീസ് ബാറ്റിംഗ് നിരയിലുണ്ട്. ഇവരെ നിയന്ത്രിച്ചു നിറുത്താൻ ഇന്ത്യൻ ബൗളിംഗിന് കഴിഞ്ഞാൽ മാത്രമേ വിജയിക്കാനാകൂ. പൂനം യാദവിനും ശിഖ പാണ്ഡെയ്ക്കുമൊപ്പം രാജേശ്വരി ഗേയ്ക്ക് വാദ്, അരുന്ധതി റെഡ്ഢി, ദീപ്തി ശർമ്മ എന്നിവർ കൂടി അടങ്ങുന്ന ബൗളിംഗ് നിര ഇതുവരെ കാട്ടിയ ആത്മവിശ്വാസം നിലനിറുത്തിയാൽ ഇന്ത്യയ്ക്ക് വിജയിക്കാം.
സാദ്ധ്യത ഇലവനുകൾ
ഇന്ത്യ : ഷെഫാലി വർമ്മ, സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ഹർമൻ പ്രീത് കൗർ (ക്യാപ്ടൻ), ദീപ്തി ശർമ്മ, വേദ കൃഷ്ണമൂർത്തി, ശിഖ പാണ്ഡെ, തന്യ ഭാട്യ, അരുന്ധതി, പൂനം യാദവ്, രാജേശ്വരി ഗേയ്ക്ക് വാദ്.
ന്യൂസിലൻഡ്
സോഫീ ഡിവൈൻ (ക്യാപ്ടൻ) റേച്ചൽ പ്രീസ്റ്റ്, സൂസി ബേറ്റ്സ്, മാഡിഗ്രീൻ, കാത്തി മാർട്ടിൻ, പെർക്കിൻസ്, അമേലിയ ഖെർ, കാസ്‌പെർക്ക്, തിഹുഹു, ജെസ് ഖെർ.