ആലപ്പുഴ: ആശുപത്രിയിൽ കഴിയുന്ന കാമുകിയെ കാണാൻ പർദ്ദയിട്ട് എത്തിയ കാമുകനെയും സുഹൃത്തിനെയും പൊലീസ് പൊക്കി. ഇന്നലെ സന്ധ്യക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി എയ്ഡ് പോസ്റ്റിലെ പൊലീസുകാർക്ക് ഇവരുടെ നടപ്പിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു.
പനിയെ തുടർന്നാണ് കാമുകി ചികിത്സതേടി ആശുപത്രിയിലെത്തിയത്. ഇത് അറിഞ്ഞതോടെ കാമുകന് ഇരിയ്ക്കപ്പൊറുതി ഇല്ലാതെയായി. എങ്ങനെയും കാമുകിയെ കാണാതിരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിലായ കാമുകൻ തന്റെ ഉറ്റ സുഹൃത്തിനോട് വിവരം പറഞ്ഞു. സുഹൃത്താണ് പർദ്ദ് അണിഞ്ഞ് പോയാൽ ആരും അറിയില്ലെന്നും കാമുകിയെ കണ്ടശേഷം മടങ്ങാമെന്നും ഉപദേശിച്ചത്. ഒറ്റയ്ക്ക് പോകാൻ കാമുകന് ധൈര്യവുമില്ല. തുണയ്ക്കായി സുഹൃത്തും കൂടെ പോവുകയായിരുന്നു. പക്ഷേ, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് കാമുകൻ പിന്നീട് പറഞ്ഞത്.