health

ഇന്ത്യയിൽ സൂര്യാഘാതം കൊണ്ട് മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. സൂര്യാഘാതം ഉണ്ടായ രോഗികൾ വിയർക്കുകയില്ല. ചൂട് കൂടി ശരീരത്തിലെ ധാതുവായ സോഡിയത്തിന്റെ അംശം കുറയുന്നു. ഉപാപചയ പ്രക്രിയകളെ ബാധിച്ച് തലച്ചോറിലെ കലകൾ പ്രവർത്തനരഹിതമായി രോഗി മരണമടയാൻ സാദ്ധ്യതയുണ്ട്. ചുവന്ന ചർമ്മം, തലവേദന, തലകറക്കം, കൺഫ്യൂഷൻ, സന്നി, വൃക്കകളുടെ പ്രവർത്തനമാന്ദ്യം എന്നിവ സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. വെയിലത്ത് പ്രവർത്തിക്കുന്ന തൊഴിലാളികളിലാണ് സൂര്യതാപവും സൂര്യാഘാതവും കൂടുതലായി കാണുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുമ്പോൾ ശരീരത്തിൽ നിന്നും പുറത്തേക്കുള്ള ജലാംശത്തിന്റെ ബാഷ്പീകരണം കുറഞ്ഞ് ഉള്ളിലെ ചൂട് ഒന്നുകൂടി വർദ്ധിക്കുന്നു.

സൂര്യാതാപമോ സൂര്യാഘാതമോ ഉണ്ടായ രോഗിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുക. ധാരാളം ജലാംശം ഉപ്പ് കലർത്തി രോഗിക്ക് കൊടുക്കുക, ഐസ് കട്ടകൾ ശരീരചർമ്മത്തിൽ വച്ച് തണുപ്പിക്കുക മുതലായവയാണ് പ്രധാന ചികിത്സാ രീതികൾ.

1. തൊപ്പിയോ, തൊപ്പിക്കുടയോ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ധരിക്കണം. കണ്ണിൽ സൂര്യരശ്മികൾ വീഴാതെ സൂക്ഷിക്കുക.

2. ഉഷ്ണ മാസങ്ങളിൽ (മാർച്ച്, ഏപ്രിൽ, മേയ്) 3 മുതൽ 4 ലിറ്റർ വെള്ളം കുടിക്കണം. വീണ്ടും ദാഹിക്കുന്നവർ പിന്നെയും തണുത്ത വെള്ളം കുടിക്കണം. വെയിലത്ത് വെളുത്ത വസ്ത്രം ധരിക്കുന്നത് നല്ലതാണ്.

3. തുടർച്ചയായി വെയിൽ കൊള്ളാതെ 2 - 3 മണിക്കൂർ ജോലി ചെയ്തതിനുശേഷം വിശ്രമിക്കുക.

4. കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യതാപം കൊണ്ട് സൂര്യാഘാതം വരാൻ എളുപ്പമാണ്.

5. വെയിലത്ത് കാറുകളിൽ കുഞ്ഞുങ്ങളെ തന്നെ ഇരുത്തി മാതാപിതാക്കൾ ഷോപ്പിംഗിനും മറ്റും പോകരുത്. കാറിലെ ചൂട് വർദ്ധിച്ച് കുട്ടികൾ മരണമടയാൻ സാദ്ധ്യതയുണ്ട്.

6. മൂത്രം കൂടുതൽ പോകാൻ കഴിക്കുന്ന മരുന്നുകൾ, ഉറക്ക ഗുളികകൾ, പ്രഷറിന്റെ ചില ഗുളികകൾ എന്നിവ സൂര്യാതപം ഉള്ളപ്പോൾ കഴിക്കരുത്.

ഡോ. കെ.പി. പൗലോസ്

പ്രിൻസിപ്പൽ കൺസൽട്ടന്റ്

ഇൻ മെഡിസിൻ,

എസ്.യു.ടി ഹോസ്പിറ്റൽ,

പട്ടം, തിരുവനന്തപുരം - 4.

ഫോൺ : 9446981669.