ദുബായ്: ദുബായ് പൊലീസിനെ കണ്ടുപഠിക്കണം! കഴിവിന്റെ കാര്യത്തിൽ മാത്രമല്ല; വാഹനങ്ങളുടെ കാര്യത്തിലും. ലോകത്ത് ഏറ്റവും വിലയേറിയ സൂപ്പർകാറുകളും ബൈക്കുകളും സ്വന്തമായുണ്ട്. ഏറ്റവുമൊടുവിൽ പറക്കും ബൈക്കുകളും അവർ സ്വന്തമാക്കി. ലംബോർഗിനി, ഫെരാരി, ബുഗാട്ടി.. അങ്ങനെപോകുന്നു ദുബായ് പൊലീസിന്റെ പക്കലുള്ള വാഹനങ്ങളുടെ നിര. ഇവയിൽ ഒാരോ കാറിനും കോടികൾ വിലവരും. പൊലീസിന്റെ ആവശ്യപ്രകാരം മറ്റുകാറുകൾക്കില്ലാത്ത ചില പ്രത്യേക സംവിധാനങ്ങൾ പൊലീസ് കാറുകളിൽ ഫിറ്റുചെയ്യുന്നുണ്ട്. പക്ഷേ, ഇതെന്താണെന്നത് പരമ രഹസ്യമാണ്.
ബുഗാട്ടി സൂപ്പറാട്ടോ
ലോകത്തിൽ ഇപ്പോഴുള്ളതിൽ ഏറ്റവും വേഗതയേറിയ കാറാണ് ബുഗാട്ടി വെയ്‌റോൺ.കാറിന്റെ വേഗത നൂറു കിലോമീറ്ററിലെത്താൻ വേണ്ടത് വെറും 2.5 സെക്കൻഡ് മാത്രം. മണിക്കൂറിൽ നാനൂറ് കിലോമീറ്റർ വേഗത്തിൽ പായാൻ കഴിയും. പതിനാറ് സിലിണ്ടർ എൻജിനാണ് ബുഗാട്ടിയുടെ കരുത്ത്.
പതിനഞ്ചുകാേടി രൂപയ്ക്കടുത്താണ് ഒരു കാറിന്റെ വില. ഇതിൽ പൊലീസിന്റെ സെറ്റപ്പുകൾ കൂടിയാകുമ്പോൾ വില പിന്നെയും കൂടും. ദുബായ് പൊലീസിന്റെ പക്കൽ ഒന്നിലധികം ബുഗാട്ടി കാറുകളുണ്ടെന്നാണ് റിപ്പോർട്ട്. ലോകത്തെ വൻ പണച്ചാക്കുകൾ മാത്രമാണ് ഇൗ കാർ സ്വന്തമാക്കിയിട്ടുള്ളത്. കന്നി യൂറോ കപ്പ് കിരീട നേട്ടം ആഘോഷിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ബുഗാട്ടി വാങ്ങിയത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.ജെ.ആർ.ടി ടാറ്റയാണ് ബുഗാട്ടി കാർ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരൻ. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് വ്യവസായി റൂബൻസിംഗ്, അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഇന്ത്യൻ വംശജൻ മയൂർ ശ്രീ, കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ സി.ജെ. റോയി എന്നിവരാണ് ബുഗാട്ടി കാർ സ്വന്തമായുള്ള മറ്റ് ഇന്ത്യക്കാർ.
ലൈകാൻ ഹൈപ്പർ സ്‌പോർട്ട്
ലബനീസ് കമ്പനിയായ ഡബ്ല്യു മോട്ടോഴ്‌സാണ് ലൈകാൻ നിർമിച്ചത്. ഏറ്റവും വിലയേറിയ സ്‌പോർട്‌സ് കാറുകളിലൊന്നാണിത്. ഇരുപത്തിമൂന്നുലക്ഷംരൂപയാണ് വില. 750 കുതിരശക്തി പകരുന്ന ആറുസിലിണ്ടർ എൻജിനാണ് ലൈകാന്റെ ശക്തി. പൂജ്യത്തിൽനിന്ന് 100 കിലോമീറ്ററിലെത്താൻ 2.8 സെക്കൻഡ് മാത്രം മതി. മണിക്കൂറിൽ 395 കിലോമീറ്ററാണ് പരമാവധി വേഗത. പൊലീസിന്റെ ആവശ്യങ്ങൾ പരിഗണിച്ച് കാറിലെ ചില ആഡംബരങ്ങൾ മാറ്റിയിട്ടുണ്ട്. അതേസമയം മുഖവും നമ്പർപ്ലേറ്റുകളും തിരിച്ചറിയാനുള്ള അത്യാധുനിക കാമറ, ആയുധങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ കൂടുതലായി ഏർപ്പെടുത്തിയിട്ടുണ്ട്.
ആസ്റ്റൺ മാർട്ടിൻ വൺ-77
ആസ്റ്റൺ മാർട്ടിൻ വൺ-77നെ പൊലീസിലെടുത്തത് 2013മുതലാണ്. 12.65 കോടിരൂപയാണ് വില. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 3.7 സെക്കന്റ് മാത്രം മതി.രണ്ട് ഡോറും രണ്ട് സീറ്റുംമാത്രമാണ് ഇൗ കാറിലുള്ളത്. വളരെ കുറച്ച് കാറുകൾ മാത്രമാണ് ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.
ഫെരാരി എഫ്.എഫ്
2013ലാണ് ഫെരാരിയുടെ 4-സീറ്റർ ഫോർ-വീൽ ഡ്രൈവ് ഗ്രാൻഡ് ട്യൂറെർ എഫ്എഫിനെ ദുബായ് പൊലീസ് വാങ്ങിയത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.7 സെക്കന്റ് മതി. മണിക്കൂറിൽ 335 കിലോമീറ്ററാണ് പരമാവധി വേഗം. നാലുകോടി രൂപയ്ക്ക് മുകളിലാണ് വില.
ലംബോർഗിനി അവന്റഡോർ
പ്രത്യേകം മോഡിഫിക്കേഷൻ ചെയ്ത ലംബോർഗിനി അവന്റഡോറാണ് ദുബായ് പൊലീസിന്റെ പക്കലുള്ളത്. 3.88 കോടിരൂപയാണ് 2013ൽ സ്വന്തമാക്കിയ ഇൗ കാറിന്റെ വില. 6.5ലിറ്റർ എൻജിനാണ് ഇൗ സ്പോർട്സ് കാറിന്റെ ഹൃദയം. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.9 സെക്കന്റ് മാത്രം മതി.
മക്ലാരന്റെ എംപി 4 12C
2013 ഡിസംബറിലാണ് ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമ്മാതാക്കളായ മക്ലാരന്റെ എംപി 4 12C ദുബായ് പൊലീസ് സ്വന്തമാക്കുന്നത്. 3.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന മക്ലാരന് മണിക്കൂറിൽ 333കിലോമീറ്ററാണ് പരമാവധി വേഗത.
ഇതിനുപുറമേ മെഴ്‌സിഡസ് ബെൻസ് എസ്.എൽ.എസ് എ.എം.ജി,ബെന്റ‌്ലി കോണ്ടിനെന്റൽ ജി.ടി,ഓഡി ആർ8 തുടങ്ങിയ സൂപ്പർ കാറുകളും ദുബായ് പൊലീസിന് സ്വന്തമാണ്.
പറക്കും ബൈക്കും സ്വന്തം
പറക്കും ബൈക്കും ദുബായ് പൊലീസ് ഉപയോഗിച്ചുതുടങ്ങി. കാലിഫോർണിയ ആസ്ഥാനമായ ഹോവർ സർഫ്‍ എന്ന സ്റ്റാർട്ടപ്പ്‍ പുറത്തിറക്കിയ പറക്കും ബൈക്കുകളാണ് പൊലീസ് ഉപയോഗിക്കുന്നത്. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും ഉയരങ്ങളിലും ഇറങ്ങാനാകും എന്നതും ട്രാഫിക് ബ്ലോക്കിനെ പേടിക്കേണ്ടെന്നതുമാണ് പറക്കും ബൈക്കുകളെ പൊലീസിന് കൂടുതൽ സ്വീകാര്യമാക്കിയത്. നേരത്തേ തന്നെ ഇൗ ബൈക്കുകൾ ഉപയോഗിക്കാൻ പൊലീസിന് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇലക്ട്രിക്കൽ വെർട്ടിക്കൽ ടേക്-ഒഫ് ആൻഡ്‍ ലാൻഡിംഗ് വെഹിക്കിൾ (ഇ.വി.റ്റി.ഒ.എൽ) എന്നാണ് പറക്കും ബൈക്കിന്റെ ശരിക്കുള്ള പേര്. ഹോവർബൈക്ക് എന്നാണ് വിളിപ്പേര്. 2017ലാണ് പറക്കും ബൈക്കുകൾ നിർമ്മിക്കാൻ ദുബായ് പൊലീസ് ഒാർഡർ നൽകിയത്. ഇൗ വർഷം മുതലാണ് പൊലീസ് ഔദ്യോഗികമായി ഇൗ ബൈക്കുകൾ ഉപയോഗിച്ച് തുടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇതിന്റെ വില എത്രയെന്ന് വ്യക്തമല്ല.