തിരുവനന്തപുരം: സക്കറിയയുടെ 'ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും' എന്ന നീണ്ടകഥയെ ആസ്പദമാക്കി ചലച്ചിത്രകാരൻ സുവീരൻ കോഴിക്കോട്ട് ഒരുക്കിയ 'ഭാസ്കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന നാടകത്തിൽ നഗ്നരംഗം കാട്ടിയതിന് നാഷണൽ സ്കൂൾ ഒഫ് ഡ്രാമയുടെ കാരണം കാണിക്കൽ നോട്ടീസ്. ഏറെ ചർച്ച ചെയ്യപ്പെട്ട നാടകത്തിൽ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ഡ്രാമാ സ്കൂളിന്റെ 'സദാചാര പൊലീസിംഗ് ' ആണെന്ന വിമർശനം രാഷ്ട്രീയ,സാമൂഹ്യ രംഗങ്ങളിൽ ഉയർന്നിരിക്കയാണ്. കഥാസന്ദർഭം ആവശ്യപ്പെടുന്നതാണ് നഗ്ന രംഗം.
സ്കൂൾ ഒഫ് ഡ്രാമ പോണ്ടിച്ചേരിയിൽ സംഘടിപ്പിച്ച ഭാരത് രംഗ് മഹോത്സവത്തിൽ ഈ മാസം 12നായിരുന്നു അവതരണം. അവതരണച്ചെലവായ രണ്ടരലക്ഷം രൂപ ഇനിയും നൽകിയിട്ടില്ല. അതിനിടെയാണ് നോട്ടീസ്. സെലക്‌ഷൻ കമ്മിറ്റിക്കയച്ച ഡി.വി.ഡിയിൽ ഇല്ലാതിരുന്ന നഗ്നരംഗമാണ് ഉൾപ്പെടുത്തിയത്. സ്കൂൾ ഒഫ് ഡ്രാമ ചെയർപേഴ്സൺ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ അവതരിപ്പിച്ച നാടകത്തിൽ ഇങ്ങനെയൊരു രംഗം ഉൾപ്പെടുത്തിയതിൽ പലരും അതൃപ്തിയറിയിച്ചിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ രജിസ്ട്രാർ അയച്ച നോട്ടീസിൽ പറയുന്നു.
എന്നാൽ, സെലക്‌ഷൻ കമ്മിറ്റിക്കയയ്ക്കുന്നത് പ്രധാനഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള ഡി.വി.ഡി മാത്രമാണെന്നും ഇക്കാര്യം അധികൃതർക്ക് ബോദ്ധ്യമുള്ളതാണെന്നുമാണ് സുവീരന്റെ വാദം. പോണ്ടിച്ചേരിയിലെ അവതരണത്തിന് ശേഷം നടന്ന സംവാദത്തിൽ, പൗരത്വ വിഷയത്തിൽ കാമ്പസുകളിൽ പ്രതിഷേധമുയരുമ്പോൾ സ്കൂൾ ഒഫ് ഡ്രാമ നിശ്ശബ്ദമായിരിക്കുന്നതെന്തെന്ന് സുവീരൻ ചോദിച്ചതാണ് അധികൃതരെ ചൊടിപ്പിച്ചതെന്ന് നാടകപ്രവർത്തകർ ആരോപിക്കുന്നു.
പരീക്ഷണനാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മഹത്തായ പാരമ്പര്യമുള്ള എൻ.എസ്.ഡിയുടെ നീക്കം അദ്ഭുതപ്പെടുത്തിയെന്ന് അവിടത്തെ പൂർവ വിദ്യാർത്ഥി കൂടിയായ സുവീരൻ നൽകിയ മറുപടിയിൽ വ്യക്തമാക്കി. അവിടെ വിദ്യാർത്ഥിയായിരിക്കെ താൻ ചെയ്ത നാടകത്തിൽ നടൻ നഗ്നനായി പ്രത്യക്ഷപ്പെടുന്ന രംഗമുണ്ടായിട്ടുണ്ട്. അന്ന് ഫാക്കൽറ്റി അംഗങ്ങൾ ഏറ്റവും ഉയർന്ന മാർക്ക് നൽകുകയും അഭിനന്ദിക്കുകയും ചെയ്തതും ഓർമ്മിപ്പിച്ചു.
സ്കൂൾ ഒഫ് ഡ്രാമ നോട്ടീസ്
'അന്താരാഷ്ട്ര തിയേറ്റർ ഫെസ്റ്റിവലാണ് ഭാരത് രംഗ് മഹോത്സവം. നൂറോളം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതാണ് നിങ്ങളുടെ നാടകം. നഗ്നത പൊതുവേദിയിലെ പ്രദർശനങ്ങളിൽ നിയമപ്രകാരം വിലക്കിയിട്ടുണ്ട്. സെലക്‌ഷന് അയച്ച ഡി.വി.ഡിയിൽ ഇല്ലാതിരുന്ന രംഗം ഉൾക്കൊള്ളിച്ചത് ഞങ്ങളുടെ അംഗീകാരമില്ലാതെയാണ്.'
സുവീരന്റെ മറുപടി
'നഗ്നരംഗങ്ങളുള്ള നിരവധി പാശ്ചാത്യനാടകങ്ങൾ എൻ.എസ്.ഡി ഷോക്കേസ് ചെയ്തപ്പോൾ അവയൊന്നും വിലക്കിയിട്ടില്ല. നാടകത്തിന്റെ സന്ദർഭം ആവശ്യപ്പെടുന്നതാണെങ്കിൽ പൊതുസ്ഥലത്ത് അവതരിപ്പിക്കുന്ന നാടകത്തിലും നഗ്നരംഗമാകാം. നാടകത്തിൽ സെൻസർഷിപ്പ് കേട്ടുകേൾവിയില്ലാത്തതാണ്. എന്റെ നാടകത്തിലെ കഥാനായകൻ അടിമയും പലപ്പോഴും നഗ്നനായി നിൽക്കേണ്ടി വരുന്നയാളുമാണ്.'
സക്കറിയ പറയുന്നു
'പൊലീസ് സ്റ്റേറ്റ് നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. ഇത്തരം സംസ്കാരശൂന്യമായ നിയമങ്ങൾ പീനൽകോഡിലുള്ളിടത്തോളം കാലം അതെടുത്തുപയോഗിക്കാൻ ആർക്കും കഴിയും. ഇരട്ടത്താപ്പാണിത്. ഇന്ത്യയുടെ പൗരാണികമായ കലയിൽ, മതപരമായ കലയിൽ പോലും നഗ്നത ഒരു പ്രശ്നമേയായിരുന്നില്ല. പൗര സ്വാതന്ത്ര്യത്തെ ചവിട്ടിത്താഴ്ത്തുകയാണ് ഇവരുടെ ആത്യന്തികലക്ഷ്യം . '