സംസ്ഥാനത്ത് സ്കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്ക് ഉൾപ്പെടെ എല്ലാത്തരം സമരങ്ങളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയോട് സമ്മിശ്ര പ്രതികരണമുണ്ടാകാനാണു സാദ്ധ്യത. സമരം ചെയ്യാനുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ അവകാശം ഹനിക്കുന്നതാണ് കോടതി വിധിയെന്ന അഭിപ്രായം ഉയർന്നുകഴിഞ്ഞു. ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിന്റെ ഉത്തരവിനെതിരെ അപ്പീൽ സാദ്ധ്യത തേടുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും വ്യക്തമാക്കിയിട്ടുണ്ട്. സമരങ്ങൾ വിദ്യാർത്ഥികളുടെ അവകാശമായി പരിഗണിക്കുന്ന സർക്കാരിന്റെ മുമ്പിൽ തെളിയുന്ന നിയമ വഴിയും അതാണ്.
വിദ്യാർത്ഥി സമരം സൃഷ്ടിക്കുന്ന അലോസരങ്ങളിൽ സഹികെട്ട് ഒരു സംഘം മാനേജ്മെന്റുകളും രക്ഷാകർത്തൃ സംഘടനകളും സമർപ്പിച്ച ഹർജികൾ തീർപ്പാക്കവെയാണ് കോടതി അസാധാരണമെന്നു പറയാവുന്ന സമര നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാലയങ്ങൾ കുട്ടികൾക്ക് പഠിക്കാൻ വേണ്ടിയുള്ള സ്ഥാപനങ്ങളായതിനാൽ അവിടങ്ങൾ സമരമുക്തമായിരിക്കേണ്ടത് കുട്ടികളുടെ ഭാവിക്കും ശ്രേയസിനും അനുപേക്ഷണീയമാണെന്നു നിരീക്ഷിച്ചുകൊണ്ടുള്ളതാണ് കോടതി വിധി. കോടതിയുടെ ഉദ്ദേശ്യശുദ്ധി സ്വാഗതാർഹമാണെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ വിധി നടപ്പാക്കുന്നതിൽ നേരിടാനിടയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണ്ടില്ലെന്നു നടിക്കാനുമാകില്ല. സ്വകാര്യ മാനേജുമെന്റുകളാണ് പ്രധാനമായും സമര വിമുക്ത ആവശ്യവുമായി കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരിക്കുന്നത്. ഇപ്പോൾത്തന്നെ സ്വകാര്യ സ്കൂളുകൾ പ്രായേണ സമരമുക്തമാണെന്നു പറയാം. കർക്കശമായ അച്ചടക്കം പിന്തുടരുന്ന ഇത്തരം സ്കൂളുകളിൽ കടന്നുചെന്നു കുട്ടികളെ സമരത്തിനു പ്രേരിപ്പിക്കാൻ അധികമാരും തയ്യാറാകില്ല. സമരം മുഴുവൻ അരങ്ങേറുക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളിലുമാണ്. വിദ്യാർത്ഥി സമരങ്ങളുടെ ബലിയാടുകളാകുന്നതും ഇവിടങ്ങളിലെ സാധാരണക്കാരായ കുട്ടികൾ തന്നെ.
വിദ്യാഭ്യാസത്തെ തടസപ്പെടുത്തുന്ന ഏതുരീതിയിലുള്ള സമരവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. സമരത്തെ അനുകൂലിക്കുന്നവരെപ്പോലെ തന്നെ അതിനെ എതിർക്കുന്നവരും കാണും. മുടക്കം കൂടാതെ പഠിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള കടമ നീതിപീഠത്തിനുണ്ട്. അതുകൊണ്ടാണ് ആരെയും നിർബന്ധിച്ച് ക്ളാസിൽ നിന്നിറക്കി സമരത്തിൽ പങ്കുചേർക്കരുതെന്ന് കോടതി കർക്കശ നിലപാടെടുത്തത്. സ്ഥാപന മേധാവികൾ ആവശ്യപ്പെട്ടാൽ സുഗമമായ അദ്ധ്യയനം ഉറപ്പാക്കാൻ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികളെടുക്കണം. പൊലീസ് അധികൃതർക്ക് ഡി.ജി.പി ഇതുസംബന്ധിച്ച് ആവശ്യമായ നിർദ്ദേശം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികൾക്കും ഉത്തരവിന്റെ കോപ്പി കൈമാറിയെന്ന് ഉറപ്പാക്കണം.
സ്കൂളിലും കോളേജിലും പഠിപ്പുമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങൾക്ക് വിലക്ക് കല്പിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ വിഷയങ്ങളിൽ കുട്ടികൾക്ക് അഭിപ്രായം പറയാനും സംവാദങ്ങൾ നടത്താനും കോടതി ഉത്തരവ് തടസമല്ലെന്ന് പ്രത്യേകം പറയുന്നുണ്ട്. സംഘടിക്കാനും സംഘടന രൂപീകരിച്ച് പ്രവർത്തിക്കാനും തുടർന്നും കുട്ടികൾക്ക് അവകാശമുണ്ടായിരിക്കും. ദേശീയ പ്രശ്നങ്ങളിൽ പ്രതിഷേധിക്കാനുള്ള കുട്ടികളുടെ അവകാശത്തെ കോടതി ഒരു വിധത്തിലും ഹനിക്കുന്നില്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥയുടെ ഭാഗം തന്നെയാണ്. അതു മാനിച്ചുകൊണ്ടു തന്നെയാണ് കോടതി വിദ്യാലയങ്ങളിൽ സമര വിലക്ക് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
പൊതുവിദ്യാലയങ്ങളും കലാലയങ്ങളുമാണ് രാഷ്ട്രീയ സ്വഭാവത്തിലുള്ള സമരങ്ങൾ മൂലം ഏറെ കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവരുന്നതെന്ന് ഏവർക്കും അറിയാം. ഭാവിയിലെ രാഷ്ട്രീയ നേതാക്കൾ പിറവിയെടുക്കുന്നതും വളർന്നു വലുതാകുന്നതും കലാലയ രാഷ്ട്രീയത്തിലൂടെയാണ്. അവിടെ അരങ്ങേറുന്ന ഓരോ സമരവും ഒരു കൂട്ടർക്ക് വളർന്നു വലുതാകാനും സ്ഥാനമാനങ്ങൾ എത്തിപ്പിടിക്കാനുമുള്ള ചവിട്ടുപടിയാണ്. സ്വാധീനം ഉറപ്പിക്കാനും നിലനിറുത്താനും പയറ്റുന്ന അടവുകൾക്കുമുണ്ട് വർത്തമാനകാലത്തെ രാഷ്ട്രീയ ചേരുവകൾ. കക്ഷിരാഷ്ട്രീയത്തിൽ കടന്നുകൂടിയിട്ടുള്ള എല്ലാ അപചയങ്ങളും വിദ്യാർത്ഥി രാഷ്ട്രീയത്തിലും കടന്നുകൂടുക സ്വാഭാവികമാണല്ലോ. കലാലയങ്ങൾ സമരങ്ങളുടെ പേരിൽ കലുഷമാകുന്നതും കത്തിക്കുത്തും ബോംബേറും വരെയുള്ള അക്രമങ്ങൾ നടക്കുന്നതും ഇതിന്റെ ഭാഗമായിട്ടാണ്.
വിദ്യാർത്ഥി സംഘടനകൾക്ക് പഠിപ്പുമുടക്കാനും കാമ്പസുകളിൽ സമരം ചെയ്യാനും അവകാശമില്ലെന്നേ കോടതി പറഞ്ഞിട്ടുള്ളൂ. പഠിപ്പുമുടക്കാതെയുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്കൊന്നുമില്ല. മുഖ്യ പ്രശ്നങ്ങളിൽ ചർച്ചകളും സംവാദങ്ങളുമാകാം. കാമ്പസുകളിലെ പുറത്തു നിന്നുള്ള ഇടപെടലുകൾക്കുള്ള അവസരം ഇല്ലാതാക്കുന്നതാണ് കോടതി വിധി. പഠനം ഗൗരവമായി എടുക്കുന്ന കുട്ടികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ വിധി.
വിശാലാർത്ഥത്തിൽ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ വരുത്താനുതകുന്നതാണ് കോടതി ഉത്തരവെങ്കിലും ഫലപ്രദമായി അത് എങ്ങനെ നടപ്പിലാകുമെന്നതാണ് പ്രശ്നം. ബന്തും ഹർത്താലും നിരോധിച്ചിട്ടും നിർബാധം അവ നടക്കാറുള്ളതുപോലെ വിദ്യാർത്ഥി പഠിപ്പുമുടക്കു നിരോധനവും ആ വഴിക്കാകുമോ എന്ന സംശയവും ഇല്ലാതില്ല. തൊട്ടതിനും പിടിച്ചതിനും പഠിപ്പുമുടക്കും സമരങ്ങളും സംഘടിപ്പിച്ച് വിദ്യാഭ്യാസ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കാൻ ഈ വിധി ഉപകരിക്കുമെങ്കിൽ സമൂഹത്തിലെ ബഹുഭൂരിപക്ഷവും അതു സ്വാഗതം ചെയ്യും.