തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി നഗരസഭയിൽ അപേക്ഷ നൽകിയ 18,​000പരം ഭൂരഹിതരിൽ ഒരാൾക്ക് പോലും വീട് നൽകാതെ രണ്ടുലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തുന്നത് നഗരസഭയിലെ ഭൂരഹിതരോടുള്ള വഞ്ചനയാണെന്ന് യു.ഡി.എഫ് നഗരസഭ കൗൺസിലർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബഡ്‌ജറ്റിൽ തലസ്ഥാന നഗരത്തോട് കാണിച്ച അവഗണനയുടെ തുടർച്ചയാണിത്. ' ഭൂരഹിതരില്ലാത്ത കേരളം ' എന്ന മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയുടെ തുടർച്ചയാണ് ലൈഫ് പദ്ധതി. എന്നാൽ നഗരത്തിൽ ഒരു ഭൂരഹിതനു പോലും ആശ്വാസം നൽകാതെ നടത്തുന്ന പ്രഖ്യാപനം കാപട്യവും നഗരസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പിഴ ഏറ്റുവാങ്ങിയ നഗരസഭ, പിഴചുമത്തിയ ചെയർമാനെ നീക്കം ചെയ്‌തും വീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്‌തും സ്വയം വെള്ളപൂശാൻ ശ്രമിക്കുകയാണെന്നും കൗൺസിലർമാർ പറഞ്ഞു. നഗരസഭാ പ്രദേശത്ത് ഒരാൾക്കുപോലും വീട് നൽകാതെ പ്രഖ്യാപനം സംഘടിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 29ന് രാവിലെ 9.30ന് സംഘടിപ്പിക്കുന്ന ഭവന അപേക്ഷകരുടെയും ജനപ്രതിനിധികളുടെയും സംഗമം ഉമ്മൻ‌ചാണ്ടി ഉദ്‌ഘാടനം ചെയ്യുമെന്നും കൗൺസിലർമാർ അറിയിച്ചു. ഡി. അനിൽകുമാർ, ജോൺസൺ ജോസഫ്, ആർ.എസ്. മായ, വി.ആർ. സിനി, പീറ്റർ സോളമൻ എന്നിവർ പങ്കെടുത്തു.