തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലും ആട്ടോയിലും ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഡൽഹി സ്വദേശികളായ വീരേന്ദ്ര സിംഗ് (55), ഭാര്യ ഉഷ (50) എന്നിവർക്കാണ് പരിക്കേറ്റത്. വീരേന്ദ്ര സിംഗിന് തലയ്ക്ക് ഗുരുതരമായി പരിക്കുണ്ട്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30ഓടെ കഴക്കൂട്ടം - മുക്കോല ബൈപാസിൽ മുട്ടത്തറയിലായിരുന്നു അപകടം. കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറും മറികടന്നാണ് ചാക്ക ഭാഗത്തേക്ക് പോകുകയായിരുന്ന ആട്ടോയിലും ആൾട്ടോ കാറിലും ഇടിച്ചത്. കാർ അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഷൈൻകുമാറിനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു.