വെഞ്ഞാറമൂട്: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് വൃദ്ധനും, റോഡിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികനും ഗുരുതര പരിക്ക്. പിരപ്പൻകോട് മഞ്ചാടിമൂട് സിന്ദൂരിയിൽ ബാലകൃഷ്ണൻ നായർ (79), ബൈക്ക് യാത്രികനായ പറണ്ടോട് റാഫി മൻസിലിൽ റാഫി (37) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ സംസ്ഥാന പാതയിൽ മഞ്ചാടിമൂട് തിരുനെല്ലൂർക്കോണം ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. കടയിൽ പോകുന്നതിനായി റോഡ് മുറിച്ചുകടക്കവേ വെമ്പായം ഭാഗത്തുനിന്ന് വന്ന ബൈക്ക് ബാലകൃഷ്ണൻ നായരെ ഇടിക്കുകയായിരുന്നു. ഇരുവരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.