പ്രസിദ്ധ ഓസ്ട്രിയൻ ഗാനരചയിതാവും സംഗീതജ്ഞനും ചിത്രകാരനുമായിരുന്നു അർണോൾഡ് ഷോൺബെർഗ്. സംഗീത ലോകത്തിന് അനേകം സംഭാവനകൾ നൽകിയ ഷോൺബർഗ് വിചിത്രമായ ഒരു വിശ്വാസത്തിന്റെ പേരിലും പ്രസിദ്ധനായിരുന്നു. ഷോൺബെർഗിന് 13 എന്ന സഖ്യയെ പേടിയായിരുന്നു. ' ട്രിസ്കൈഡെകഫോബിയ ' എന്ന അവസ്ഥയായിരുന്നു അദ്ദേഹത്തിന്. 13 എന്ന അക്കത്തിനൊടുള്ള അകാരണമായ പേടിയാണ് ട്രിസ്കൈഡെകഫോബിയ. '12 A ' എന്നായിരുന്നു ഷോൺബെർഗ് 13നെ സൂചിപ്പിച്ചിരുന്നത്. 13മായി ബന്ധമുള്ള ഏതെങ്കിലും ഒരു വർഷം താൻ മരണമടയുമെന്ന് ഷോൺബെർഗ് വിശ്വസിച്ചിരുന്നു.
അങ്ങനെയിരിക്കെ 1950ൽ ഷോൺബെർഗിന് 76 വയസ് തികഞ്ഞപ്പോൾ ജോത്സ്യൻ ഒരു പ്രവചനം നടത്തി. 76ാം വയസിൽ ഷോൺബെർഗിനെ അപകടം തേടിയെത്തും.! കണക്കുകൂട്ടി നോക്കിയപ്പോൾ ഷോൺബെർഗ് ഞെട്ടി. ' 76 ' എന്ന സഖ്യയിലെ 7ഉം 6ഉം തമ്മിൽ കൂട്ടുമ്പോൾ ലഭിക്കുന്ന ഉത്തരം 13 ആണ്. ഒടുവിൽ ഷോൺബെർഗ് ഏറെ നിരാശനും വിഷാദബാധിതനുമായി തീർന്നു. പാശ്ചാത്യരുടെ വിശ്വാസമനുസരിച്ച് ഏതെങ്കിലും ഒരു മാസം 13ാം തീയതിയും ഒരു വെള്ളിയാഴ്‌ചയും ഒത്തുവന്നാൽ അത് അശുഭമാണ്. 1951 ജൂലായ് 13 ഒരു വെള്ളിയാഴ്‌ചയായിരുന്നു. തനിക്ക് അപകടം ഒന്നും സംഭവിക്കാതിരിക്കാൻ ഷോൺബെർഗ് ആ ദിവസം മുഴുവൻ കിടക്കയിൽ തന്നെ കഴിച്ചു കൂട്ടി. പക്ഷേ, ഷോൺബെർഗ് ഭയന്നത് പോലെ തന്നെ സംഭവിച്ചു. ജൂലായ് 13 അവസാനിക്കാൻ 15 മിനിട്ട് ബാക്കി നിൽക്കെ 76ാം വയസിൽ തന്നെ ഷോൺബെർഗ് മരിച്ചു. ! മറ്റൊരു രസകരമായ കാര്യം ഷോൺബെർഗ് ജനിച്ചതും ഒരു 13ാം തീയതിയായിരുന്നു. 1874 സെപ്‌റ്റംബർ 13നായിരുന്നു ഷോൺബെർഗിന്റെ ജനനം.