kilimanur-

വെമ്പായം: കൊടും വേനലിൽ ഒരു പരീക്ഷക്കാലം കൂടി വന്നെത്തിയതോടെ വിദ്യാർത്ഥികൾക്ക് അതൊരു പരീക്ഷണമായി. പ്രധാന പരീക്ഷയെ അഭിമുഖീകരിക്കുന്ന മാനസിക സംഘർഷത്തിനൊപ്പം കഠിനമായ ചൂട് അകമ്പടിയായതോടെ കുട്ടികൾക്ക് പരീക്ഷക്കാലം നരക തുല്യമാകും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ രാവിലെയും ഉച്ചയ്ക്കുമായാണ് നടക്കുന്നത്. കിളിമാനൂരിലെയും പരിസരപ്രദേശങ്ങളിലെയും പല സ്‌കൂളുകളിലും പരീക്ഷാഹാൾ ഷീറ്റ് മേഞ്ഞതാണ്. അന്തരീക്ഷ താപനില നാൽപത് ഡിഗ്രിക്കു മുകളിലാകുമ്പോൾ ഷീറ്റിട്ട ഹാളുകളിലെ ചൂട് അസഹനീയമാകും. ചില സ്‌കൂളുകളിൽ ഫാനില്ല.

ഉള്ളിടത്താവട്ടെ ചൂട് കാറ്റാണ് ലഭിക്കുന്നത്. ഹാളിൽ സൂപ്പർവിഷന് നിൽക്കുന്ന അദ്ധ്യാപകർ പോലും ചൂടിൽ തളർന്ന് വീഴുമ്പോൾ കുട്ടികളുടെ കാര്യം പറയേണ്ടതില്ല. കഴിഞ്ഞ വേനൽക്കാലത്ത് ചില സ്‌കൂൾ കുട്ടികൾ പരീക്ഷക്കിടെ തളർന്ന് വീണിരുന്നു. തൊഴിലാളികൾക്ക് പകൽ11 മുതൽ വൈകിട്ട് 3 വരെ ജോലിയിൽ നിയന്ത്രണം ഏർപ്പെടുത്തിയ സമയത്താണ് കുട്ടികൾ കൊടും ചൂടിൽ പരീക്ഷ എഴുതാൻ വിധിക്കപ്പെട്ടിരിക്കുന്നത്. മിക്ക സ്‌കൂളുകളിലെയും കിണറുകൾ വറ്റിവരണ്ട നിലയിലാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകൾ ജലക്ഷാമം മൂലം പ്രവർത്തനരഹിതമാണ്.

സ്‌കൂൾ അധികൃതർ ശ്രദ്ധിക്കാൻ

സ്‌കൂളുകളിൽ കുടിവെള്ളം ഉറപ്പു വരുത്തുക

ചിക്കൻപോക്‌സ് പോലുള്ള പക‌‌ർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ അധികൃതരും ആരോഗ്യ പ്രവർത്തകരും ജാഗ്രത പാലിക്കണം

എല്ലാ ക്ലാസ് റൂമുകളിലും ഫാൻ സൗകര്യം ഏർപ്പെടുത്തണം

കുട്ടികൾ ശ്രദ്ധിക്കാൻ

ദിവസേന 8 മുതൽ 11 ഗ്ലാസ് വരെ വെള്ളം കുടിക്കണം

സോഫ്റ്റ് ഡ്രിങ്കുകളും കാപ്പിയും ചായയും ഒഴിവാക്കാം

പഴങ്ങളും പച്ചക്കറികളും കഴിക്കുക

20 മിനിട്ടുള്ള വ്യായാമം പഠനത്തെ പ്രോത്സാഹിപ്പിക്കും

ഇടയ്‌ക്കിടെ കണ്ണ് കഴുകാം

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

" വേനൽക്കാലത്ത് കുട്ടികൾക്ക് ചൂടിൽ നിന്ന് പ്രതിരോധത്തിന് കുടിവെള്ളമുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താൻ സ്‌കൂളുകൾക്ക് മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്."

ജവാദ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഒാർഡിനേറ്റർ