ആറ്റിങ്ങൽ: ലൈഫ് ഭവന പദ്ധതിയുടെ നാലാംഘട്ട താക്കോൽ വിതരണവും ഗവൺമെന്റ് സിദ്ധ ആശുപത്രിയുടെ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനവും കുഴിമുക്ക് ജംഗ്ഷനിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനോപകാരപ്രദമായ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്ന ആറ്റിങ്ങൽ നഗരസഭ കേരളത്തിലെ മറ്റുളള നഗരസഭകൾക്ക് മാതൃകയാണെന്ന് മന്ത്റി പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായി 50 പേർക്ക് മന്ത്റി താക്കോൽ വിതരണം ചെയ്തു. അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കിളിമാനൂർ സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ആർ. രാമു എന്നിവർ പങ്കെടുത്തു. എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും സ്വന്തമായി ഭൂമി നൽകിയ രാജ്യത്തെ ആദ്യ നഗരസഭയാണ് ആറ്റിങ്ങലെന്നും അടുത്ത വർഷത്തോടെ പൊതുവിഭാഗത്തിൽ അർഹതപ്പെട്ട എല്ലാവർക്കും ഭൂമിയും വീടും നൽകുമെന്നും ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് പറഞ്ഞു.