നെടുമങ്ങാട്: ബഡ്‌ജറ്റിൽ തലസ്ഥാന ജില്ലയെ അവഗണിച്ചെന്ന് ആരോപിച്ച് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ഇന്ന് മുതൽ നെടുമങ്ങാട് താലൂക്കിൽ പര്യടനം നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ അറിയിച്ചു. രാവിലെ 9ന് അരുവിക്കര ജംഗ്ഷനിൽ യാത്ര ആരംഭിക്കും. അഡ്വ. അടൂർപ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, കരകുളം കൃഷ്ണപിള്ള, വിതുര ശശി തുടങ്ങിയവർ ജാഥയിൽ പങ്കെടുക്കും. വൈകിട്ട് പുതുക്കുളങ്ങരയിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. 29,30,മാർച്ച് 1 തീയതികളിൽ താലൂക്കിലെ മറ്റു മണ്ഡലങ്ങളിൽ പദയാത്ര തുടരും.