വക്കം: തിനവിള തെക്കതിൽ ദേവീക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയിൽ അക്രമം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. കീഴാറ്റിങ്ങൽ എ.കെ. നഗർ ചരുവിള വീട്ടിൽ ഐഷർ (20),​ എ.കെ. നഗർ ഗോകുലത്തിൽ ഗോകുൽ (19),​ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്. ഉത്സവ ഘോഷയാത്ര എ.കെ. നഗർ കോളനി ഭാഗത്തെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പ്രതികൾ അപമര്യാദയായി പെരുമാറിയതും വീഡിയോ എടുക്കാൻ ശ്രമിച്ചതും ചോദ്യം ചെയ്‌ത തിരുവാതിര അദ്ധ്യാപികയെ ഇവർ അസഭ്യം വിളിച്ചു. ഇത് ചോദ്യം ചെയ്‌ത തെയ്യം കലാകാരനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ സ്ഥലത്തെത്തിയ കടയ്‌ക്കാവൂർ സ്റ്റേഷനിലെ സി.പി.ഒമാരായ ബിനോജ്,​ ജയകൃഷ്ണൻ എന്നിവരെ പ്രതികൾ മർദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്‌തു. പ്രതികളെ ജീപ്പിൽ കയറ്റുന്നതിനിടെ പ്രതികളിൽ ഒരാളുടെ അമ്മ വണ്ടി തടയുകയും പ്രതികളെ വണ്ടിയിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് എസ്.ഐ വിനോദ് വിക്രമാദിത്യനും കൂടുതൽ പൊലീസും സ്ഥലത്തെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്ത്രീകളോട് അപമര്യാദമായി പെരുമാറിയതിനും പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തു. ലഹരി ഉപയോഗിച്ചിരുന്ന യുവാക്കൾ അമ്പലപരിസരത്തും സ്റ്റേഷനിലെത്തിച്ചപ്പോഴും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ഫോട്ടോ: പിടിയിലായ പ്രതികൾ