vld-2

വെള്ളറട: കൊടുംവേനലിൽ ദാഹിച്ചും വിശന്നും വലയുന്ന പക്ഷികൾക്ക് കുടിനീര് ഒരുക്കുകയാണ് ആനാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പൊലീസ്. ചെമ്പകത്തിന്റെയും ഞാവലിന്റെയും ചില്ലകളിലും ടെറസിലും കുടിവെള്ളവും ധാന്യമണികളുമൊരുക്കി. മലയോര പ്രദേശങ്ങളിൽ ഇക്കുറി വേനലിന്റെ കാഠിന്യം കൂടുതലാണ്. തണൽമരങ്ങൾ ഏറെയുള്ള സ്കൂളിന്റെ പരിസരങ്ങളിൽ നിരവധി കിളികളാണ് ചേക്കേറിയിരിക്കുന്നത്. ഇവർക്കായി കുട്ടിപ്പൊലീസ് കുടിവെള്ളവും ഭക്ഷണവു മൊരുക്കിയതോടെ നാട്ടുകാരും ഇപ്പോൾ പക്ഷികൾക്കായി കുടിവെള്ളമൊരുക്കാൻ തയ്യാറായിക്കഴിഞ്ഞു. സമാനതകളില്ലാത്ത നിരവധി പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട എസ്.പി.സി യൂണിറ്റാണ് ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേത്.

മാരായമുട്ടം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിൽ മികച്ച പരിശീലനം ലഭിച്ചു വരുന്ന യൂണിറ്റിന്റെ നേതൃത്വം സൗദീഷ് തമ്പി, സുഗതകുമാരി എന്നീ അദ്ധ്യാപകരാണ് വഹിക്കുന്നത്. എ.എസ്.ഐ സനൽകുമാർ, സി.പി.ഓ ആശ, വേലപ്പൻ നായർ എന്നിവരാണ് പരിശീലകർ.