ponkaa

മുടപുരം: തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ എട്ടാം ദിനമായ ഇന്ന് അശ്വതി പൊങ്കാലയും ക്ഷേത്രത്തിന് ചുറ്റുമുള്ള ഒൻപത് കരകളിൽ ഉരുൾ മഹോത്സവവും നടക്കും. രാവിലെ 8.30 നാണ് പൊങ്കാല ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പൊങ്കാല അർപ്പിക്കാനുള്ള സൗകര്യം ക്ഷേത്രം പബ്ലിക് ട്രസ്റ്റ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ വൈകിട്ടോടെ തന്നെ ഭക്തർ പൊങ്കാല അടുപ്പുകൾ തയ്യാറാക്കി കഴിഞ്ഞു. പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് മുടപുരം, മുട്ടപ്പലം, കൊച്ചാലുംമൂട് എന്നീ ജംഗ്‌ഷനുകളിലെ ആട്ടോ ഡ്രൈവർമാരുടെ ആഭിമുഖ്യത്തിൽ സൗജന്യ യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഇന്ന് രാവിലെ 4.30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും, 5.30 ന് നാരായണീയ പാരായണം, 9.15 ന് കലശപൂജ, 10.30 ന് മഞ്ഞക്കാപ്പ് അഭിഷേകം തുടർന്ന് ഉച്ചപൂജ, 11.30 ന് സമൂഹസദ്യ ,11.50 ന് തൂക്കവ്രതക്കാരുടെ നറുക്കെടുപ്പ്, ഉച്ചക്ക് 2.30 ന് പറക്കെഴുന്നെള്ളത്ത്, 3.10 ന് മേതാളി ഊട്ട് ,4 ന് വെള്ളപ്പുറം, 4.30 ന് ഉരുൾ വഴിപാടുകാരുടെ മേളക്കാഴ്ച, 5 ന് യക്ഷിക്ക് പൂപ്പട വാരൽ, മാടന് കൊടുതി.
ഉത്സവത്തിന്റെ ഭാഗമായി ഇന്ന് മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷൻ, ആയുർവേദ ജംഗ്‌ഷൻ, കൊച്ചാലുംമൂട് ജംഗ്‌ഷൻ, കാട്ടുമ്പുറം ശ്രീ ഭദ്ര ദേവീക്ഷേത്രം, നവഗ്രഹ കലാസമിതി, അന്നപൂർണേശ്വരി നവഗ്രഹ ക്ഷേത്രം, കോളിച്ചിറ 10 സെന്റ് മാടൻനട, മുട്ടപ്പലം മൂലയിൽ ഗണപതി പുര,വട്ടം തലക്കൽ മഹാശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുട്ടപ്പലം കുളത്തിനകം വട്ടപ്പാറ മാടൻ നട എന്നീ സ്ഥലങ്ങളിൽ നിന്ന് രാത്രി 12 ഒാടെ ഉരുൾ ഘോഷയാത്രകൾ ക്ഷേത്രത്തിലേക്ക് പുറപ്പെടും.ഉരുൾ വഴിപാടുകാർക്കൊപ്പം താലപ്പൊലി, നാദസ്വരം, മുത്തുക്കുട, വിവിധ മേളങ്ങൾ, തെയ്യം, ഫ്ലോട്ടുകൾ, നാടൻ കലാരൂപങ്ങൾ, ആന തുടങ്ങിയവയുടെ അകമ്പടി ഉണ്ടാകും. മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷനിൽ രാത്രി 8 ന് ഗാനമേളയും ഉണ്ടാകും.