തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കുശേഷം നടന്ന തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് ജനങ്ങളോട് നടത്തുന്ന പ്രതികാരമാണ് ഡൽഹിയിലെ സംഘപരിവാർ അക്രമമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഡൽഹിയിലെ സംഘപരിവാർ അക്രമങ്ങൾക്കെതിരെ സി.പി.ഐ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം .
'ഗോലിമാരോ" മുദ്രാവാക്യങ്ങളുമായി ഡൽഹിയിൽ അക്രമം നടത്തുന്നത് മറ്റിടങ്ങളിൽ നിന്നും വന്ന രണ്ടു ഹിന്ദു സംഘടനകളാണ്. അവർ ഉത്തർപ്രദേശിൽ നിന്നും വന്നവരായതിനാൽ രാജ്യസ്നേഹികളും സംഘപരിവാറുകാരുമായിരിക്കുമെന്നും കാനം പറഞ്ഞു.
ഡൽഹിയിൽ സംഘ പരിവാറുകാർ അക്രമം നടത്തുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ചർച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി മോദി. എന്നാൽ ട്രംപ് അമേരിക്കയിൽ എത്തിയ ഉടനെ ആരും ഡൽഹിയിൽ പോകരുതെന്നാണ് ആവശ്യപ്പെട്ടത്. ഗുജറാത്തിൽ കലാപം ഡൽഹിയിലും ആവർത്തിക്കാനാണ് ശ്രമം.
സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. സി.ദിവാകരൻ എം.എൽ.എ , സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു , ഡപ്യൂട്ടി മേയർ രാഖി രവികുമാർ , മാങ്കോട് രാധാകൃഷ്ണൻ , പള്ളിച്ചൽ വിജയൻ , ജെ. വേണു ഗോപാലൻ നായർ,കെ.എസ് .അരുൺ തുടങ്ങിയവർ സംസാരിച്ചു.