തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷം ഒരു കോടി ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിദ്ദേശപ്രകാരം ധാരണയായിട്ടുണ്ടെന്നും ഇതിനുളള നടപടികൾ ആരംഭിച്ചതായും മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കൃഷിവകുപ്പ് ഫാമുകൾ, വി.എഫ്.പി.സി.കെ, കേരള കാർഷിക സർവകലാശാല, ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ എന്നിവ മുഖേന നടൽ വസ്തുക്കൾ ഉല്പാദിപ്പിച്ച് വിതരണം ചെയ്യും. വിത്തുകൾ, നടൽ വസ്തുക്കൾ എന്നിവ കുടുംബശ്രീയും തൊഴിലുറപ്പ് പ്രവർത്തകരും അവരുടെ നഴ്സറികൾ മുഖേന പരിപാലിച്ച് തദ്ദേശസ്ഥാപനങ്ങൾ വഴി വിതരണം നടത്തും . മാവ്, പ്ലാവ്, റമ്പൂട്ടാൻ, പുലാസാൻ, സപ്പോട്ട, പേര, പാഷൻഫ്രൂട്ട്, ചാമ്പ, വിവിധയിനം പുളികൾ, നാരകം, മാംഗോസ്റ്റിൻ, കറിവേപ്പില, മുരിങ്ങ, സ്റ്റാർ ആപ്പിൾ, മാതളം, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ഗുണമേന്മയുളള ഗ്രാഫ്റ്റുകൾ, ടിഷ്യുകൾച്ചർ തൈകൾ എന്നിവയാണ് വിതരണം നടത്തുന്നത്.