police

തിരുവനന്തപുരം: പൊലീസിൽ കാണാതായ വെടിയുണ്ടകൾക്കായി ക്രൈംബ്രാഞ്ച് തിങ്കളാഴ്ച എണ്ണുന്നു,രണ്ട് ലക്ഷം ഉണ്ടകൾ.

മൊത്തം 12061 ഉണ്ടകൾ പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് കാണാതായെന്നാണ് സി.എ.ജിയുടെ വെളിപ്പെടുത്തൽ ഇത് കണ്ടെത്താനാണ് നാലിനം തോക്കുകളിൽ ഉപയോഗിക്കുന്ന രണ്ടു ലക്ഷം ഉണ്ടകൾ ബാച്ചുകളായി

എണ്ണിത്തിട്ടപ്പെടുത്തുന്നത്. എ.കെ-47 തോക്കിലുപയോഗിക്കുന്ന 7.62 എം.എമ്മിന്റെ 1578 വെടിയുണ്ടകൾ, സെൽഫ് ലോഡിംഗ് റൈഫിളുകളിൽ ഉപയോഗിക്കുന്ന 7.62 എം.എമ്മിന്റെ 8398 വെടിയുണ്ടകൾ, 259 ഒൻപത് എം.എം ഡ്രിൽ കാട്രിജ് എന്നിവയുൾപ്പടെയാണ് കാണാതായതായി പറയുന്നത്. ഈയിനങ്ങളിൽ സ്റ്റോക്ക് കൃത്യമായി തിട്ടപ്പെടുത്താനാണ് മുഴുവൻ വെടിയുണ്ടകളും എണ്ണുന്നത്. അതീവ പ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്താകെയുള്ള ഇൻസാസ് റൈഫിളുകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. റൈഫിളുകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് കണ്ടെത്തിയത്.

നഷ്ടമായ വെടിയുണ്ടകൾക്ക് പകരം വ്യാജ ഉണ്ടകളുണ്ടാക്കി പൊലീസിന്റെ ആയുധ ശേഖരത്തിൽ നിറച്ച കേസിൽ എസ്.ഐ റെജി ബാലചന്ദ്രനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു..2014 മേയിൽ തിരുവനന്തപുരം എസ്.എ.പിയിലെ ക്വാർട്ടർ മാസ്റ്ററായിരിക്കെയാണ്, 350 ഡ്രിൽ കാർട്രിജുകൾ കാണുന്നില്ലെന്ന് മനസിലാക്കിയ റെജി രണ്ട് മാസത്തിന് ശേഷം അത്രയും എണ്ണം വ്യാജമായി നിർമ്മിച്ച് ക്വാർട്ടർ ഗാർഡിൽ വച്ചത്.

കൂടുതൽ പൊലീസ്

ഉദ്യോഗസ്ഥർ കുടുങ്ങും

വെടിയുണ്ടകളും കാലി കെയ്സുകളും കാണാതായതിനും വ്യാജ കാട്രിജുകൾ നിർമ്മിക്കുന്നതിനും കൂട്ടുനിന്നവരെ ഇനി കണ്ടെത്തണം. ക്യാമ്പിൽ നേരത്തേ പ്രവർത്തിച്ച ഏഴ് ഇൻസ്പെക്ടർമാരും അസി.കമാൻഡാന്റുമടക്കം നിരവധി ഉദ്യോഗസ്ഥർ ഇനിയും അറസ്റ്റിലാവുമെന്നാണ് സൂചന. റിമാന്റിലുള്ള റെജിയെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ വ്യക്തമാവുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 2014 കാലഘട്ടത്തിൽ പേരൂർക്കട എസ്.എ.പി ക്യാമ്പിലുണ്ടായിരുന്ന ആംഡ് പൊലീസ് ഇൻസ്‌പെക്ടർമാരെയും അസിസ്​റ്റന്റ് കമാൻഡന്റുമാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

ഇരുപതോളം വർഷം മുൻപാണ് വെടിയുണ്ടകൾ നഷ്ടമായതെന്നതിനാൽ ഒന്നോ രണ്ടോ ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഇതിൽ പങ്കുണ്ടാവുകയെന്നും ഒരു എസ്.ഐ വിചാരിച്ചാൽ കൃത്രിമ ഉണ്ടകൾ നിർമ്മിച്ച് ആയുധശേഖരത്തിൽ നിറയ്ക്കാനാവില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഉണ്ടകളുടെ കാലിയായ കൂടുകൾ ഉരുക്കി നിർമ്മിച്ച ശംഖു മുദ്റയും അശോക സ്തംഭവും പതിപ്പിച്ച മുദ്റയ്ക്ക് 2.40 കിലോ തൂക്കമുണ്ട്. ഇത് ബറ്റാലിയനിലെ ഏ​റ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ മുറിയിലെ പോഡിയത്തിലാണ് പതിച്ചിരുന്നത്. നിലവിലെ അസി.കമൻഡാന്റ് ഇൻസ്പെക്ടറായിരുന്നപ്പോൾ 3624 വെടിയുണ്ടകൾ നഷ്ടമായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. വെടിയുണ്ട കാണാതായ സംഭവത്തിൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11 പ്രതികളിൽ ഒമ്പതാം പ്രതിയാണ് റെജി.

30

ഇനം തോക്കുകൾ പൊലീസ് സേന ഉപയോഗിക്കുന്നു

50,000

തോക്കുകൾ പൊലീസിന്റെ പക്കൽ

35ലക്ഷം

വെടിയുണ്ടകൾ ആയുധശേഖരത്തിൽ

61000

പൊലീസുകാർ സേനയിൽ