പോളിംഗ് വളരെ കുറവ്
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസിലേക്കുള്ള സംഘടനാ തിരഞ്ഞെടുപ്പിൽ പതിമൂന്ന് ജില്ലകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പോളിംഗ് ശതമാനം തീരെ കുറവ്. 25 ശതമാനം പോലും പല ജില്ലകളിലും പോളിംഗ് നടന്നിട്ടില്ലെന്ന് പ്രവർത്തകർ പറയുന്നു. ഓൺലൈൻ വോട്ടിംഗിലെ സാങ്കേതികപ്രശ്നങ്ങൾ പലർക്കും വോട്ട് ചെയ്യാനാവാത്ത സ്ഥിതി സൃഷ്ടിച്ചുവെന്നാണ് ആക്ഷേപം.
ആദ്യം ബാലറ്റിലൂടെ വോട്ടെടുപ്പ് എന്ന് പ്രഖ്യാപിച്ച ശേഷം അവസാനനിമിഷമാണ് ഓൺലൈൻ പോളിംഗിലേക്ക് ദേശീയനേതൃത്വം മാറിയത്. ഇതിനായി ഐ.വൈ.സി വോട്ടിംഗ് എന്ന പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. ഈ ആപ്പിൽ കയറി രജിസ്റ്റർ ചെയ്താൽ മൊബൈൽ നമ്പരിലേക്ക് ഒ.ടി.പി നമ്പർ വരും. അതുപയോഗിച്ച് വേണം വോട്ട് ചെയ്യാൻ. അസംബ്ലികമ്മിറ്റി, ജില്ലാ കമ്മിറ്റി, സംസ്ഥാനകമ്മിറ്റി എന്നിങ്ങനെ ഒരാൾക്ക് മൂന്ന് വോട്ടാണ് രേഖപ്പെടുത്താനാവുക. അംഗം ഏത് നമ്പരിൽ നിന്നാണോ രണ്ട് വർഷം മുമ്പ് സംഘടനയിൽ അംഗത്വമെടുത്തത്, ആ നമ്പരിലേക്കാവും ഒ.ടി.പി നമ്പർ വരിക എന്നതാണ് പ്രശ്നം. പഴയ മൊബൈൽ നമ്പർ മാറിയതിനാൽ പലർക്കും വോട്ട് ചെയ്യാനാവാത്ത സ്ഥിതിയുണ്ടായി. രണ്ട് വർഷം മുമ്പാണ് സംസ്ഥാനത്ത് അവസാനമായി അംഗത്വ ക്യാമ്പെയ്ൻ നടന്നത്.
ഓൺലൈൻ വോട്ടിംഗിനെതിരെ പ്രവർത്തകർക്കിടയിൽ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളും ഇതിനെതിരെ രംഗത്ത് വന്നു. തിരുവനന്തപുരം ജില്ലയിൽ പോളിംഗ് 20 ശതമാനത്തോളം മാത്രമേയുള്ളൂ. മുൻ മന്ത്രി പി. ശങ്കരന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച കോഴിക്കോട്ടെ വോട്ടെടുപ്പ് ഇന്ന് നടക്കും.
പതിമൂന്ന് ജില്ലകളിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ എ ഗ്രൂപ്പിന്റെ മേധാവിത്വം ഉറപ്പായിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റായി സമവായത്തിലൂടെ ഷാഫി പറമ്പിൽ എം.എൽ.എയെ നേരത്തേ നിശ്ചയിച്ചതിനാൽ ഈ സ്ഥാനത്തേക്ക് വോട്ടെടുപ്പില്ല. ആറ് വൈസ് പ്രസിഡന്റുമാരുടെ കാര്യത്തിലും ധാരണയുണ്ട്. സീനിയർ വൈസ് പ്രസിഡന്റായി ഐ ഗ്രൂപ്പിൽ നിന്ന് കെ.എസ്. ശബരിനാഥനെയും സമവായത്തിലൂടെ നിശ്ചയിച്ചിട്ടുണ്ട്. വിവിധ ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിലും ധാരണയുണ്ട്. സംസ്ഥാന, ജില്ലാ കമ്മിറ്റികളിൽ ജനറൽസെക്രട്ടറിമാർക്ക് വേണ്ടിയാണ് പ്രധാനമായും വോട്ടെടുപ്പ് നടക്കുന്നത്.