photo

നെടുമങ്ങാട്: ശബരി പാക്കേജിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവിട്ട് നവീകരിക്കുന്ന വഴയില -പാലോട് റോഡിൽ ടാറിംഗ് പൂർത്തിയായതിന് പിറകെ കെ.എസ്.ഇ.ബി കേബിൾ കരാറുകാർ കുത്തിക്കിളയ്ക്കൽ തുടങ്ങി. ഏറെ നാളത്തെ നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിലാണ് റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കി മാറ്റിയത്. അതിന് തൊട്ട് പിന്നാലെ റോഡ് കുത്തിപ്പൊളിച്ചത് റോഡ് വികസനം തകിടം മറിക്കുന്ന നീക്കമാണ് കരാറുകാരുടേതെന്ന് വ്യാപക ആക്ഷേപമുണ്ട്. കേബിൾ ഇടുന്നതിന് കുഴി എടുക്കാനുള്ള സൗകര്യാർത്ഥ രണ്ടു മാസത്തോളം റോഡ് പണി നിറുത്തി വച്ചിരുന്നതായി പി.ഡബ്ലിയു.ഡി അധികൃതർ വ്യക്തമാക്കുന്നു. ഈ കാലയളവിൽ മൗനം പാലിച്ചിരുന്ന കെ.എസ്.ഇ.ബി കരാറുകാർ ടാറിംഗ് അവസാനിച്ച ശേഷം വെട്ടിക്കുഴിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. പഴകുറ്റി -പുത്തൻപാലം ഭാഗത്താണ് വ്യാപകമായി റോഡ് കുഴിക്കൽ തുടരുന്നത്. വാഹനങ്ങളും കാൽനട യാത്രക്കാരും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിട്ടും റോഡ് വെട്ടിക്കുഴിക്കൽ നിറുത്തി വയ്ക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, മരാമത്ത് വകുപ്പിന്റെ അനുമതിയോടെയാണ് കുഴിയെടുക്കൽ നടക്കുന്നതെന്നാണ് കെ.എസ്.ഇ.ബി കരാറുകാരുടെ അവകാശ വാദം. നിശ്ചിത കാലയളവിനുള്ളിൽ കേബിൾ സ്ഥാപിക്കൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഇതിനിടെ എട്ടാംകല്ല്, അഴിക്കോട്, പത്താംകല്ല്, വാളിക്കോട്, കൊല്ലംങ്കാവ്, പുത്തൻപാലം എന്നിവിടങ്ങളിൽ ടാറിംഗ് ഇളകി തുടങ്ങിയിട്ടുണ്ട്. അശാസ്ത്രീയമായ ടാറിംഗ് ആണ് റോഡ് തകർച്ചയ്ക്ക് കാരണമെന്നാണ് പരാതി.

റോഡ് വെട്ടിപ്പൊളിക്കൽ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയും സെക്രട്ടറിയും പുറപ്പെടുവിച്ച ഉത്തരവുകൾ കാറ്റിൽപ്പറത്തിയാണ് റോഡ് വെട്ടിപ്പൊളിക്കുന്നതെന്ന് പരാതിയുണ്ട്. നവീകരിച്ച റോഡുകളിൽ കുഴി എടുക്കുന്നതിന് ഇറക്കിയ മാർഗനിർദേശങ്ങളും ബന്ധപ്പെട്ടവർ പാലിക്കുന്നില്ല. വകുപ്പുതലത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും പരസ്പരം നടത്തുന്ന ഒത്തുകളി മറയാക്കിയാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഗതാഗതം തടസപ്പെടുത്തിയും വഴിയാത്രക്കാരെ അപകടത്തിൽപ്പെടുത്തിയും അരങ്ങേറുന്ന അനധികൃത കുഴിയെടുക്കലിന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.