india-womens-cricket

മെൽബൺ : പ്രാഥമിക റൗണ്ടിലെ മൂന്നാം മത്സരത്തിൽ മൂന്ന് റൺസിന് ന്യൂസിലാൻഡിനെ കീഴടക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആസ്ട്രേലിയയിൽ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇടംപിടിക്കുന്ന ആദ്യ ടീമായി.

ഇന്നലെ മെൽബണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 133/8 എന്ന സ്കോർ ഉയർത്തിയ ഇന്ത്യ കിവീസിനെ നിശ്ചിത 20 ഒാവറിൽ 130/6 ഒതുക്കിയാണ് വിജയം ആഘോഷിച്ചത്. 34 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം 46 റൺസ് അടിച്ചുകൂട്ടിയ കൗമാരക്കാരിയായ ഒാപ്പണർ ഷെഫാലി വർമ്മയാണ് ഇന്ത്യൻ ബാറ്റിംഗിലെ തിളക്കമായത്. വിക്കറ്റ് കീപ്പർ കൂടിയായ തന്യ ഭാട്യ 25 പന്തുകളിൽ 23 റൺസും വാലറ്റക്കാരി രാധായാദവ് 14 റൺസും നേടി. സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (10), ഹർമൻദീപ് കൗർ (1), വേദ കൃഷ്ണ മൂർത്തി (6), ദീപ്തി ശർമ്മ (8) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ പതിവുപോലെ കൃത്യതപുലർത്തിയ ബൗളിംഗ് നിരയാണ് വിജയം സമ്മാനിച്ചത്.

ദീപ്തി ശർമ്മ, ശിഖ പാണ്ഡെ, രാജേശ്വരി ഗെയ്ക്ക്‌വാദ്, പൂനം യാദവ്, രാധായാദവ് എന്നിവർ ഒാരോ വിക്കറ്റ് വീഴ്ത്തി ഷെഫാലിയാണ് പ്ളേയർ ഒഫ് ദ മാച്ച്.

ത്രില്ലിംഗ് ക്ളൈമാക്സ്

ആർക്കും ജയിക്കാൻ കഴിയുന്ന മത്സരമായിരുന്നു മെൽബണിൽ നടന്നത്. കാണികളെ ത്രില്ലടിപ്പിച്ച് വിജയത്തിനടുത്തുവരെയെത്തിയ ശേഷമാണ് കിവി വനിതകൾ മൂന്ന് റൺസകലെ വീണത്.

18 ഒാവറുകൾ പൂർത്തിയാകുമ്പോൾ 100/5 എന്ന നിലയിലായിരുന്നു കിവീസ്. ജയിക്കാൻ 12 പന്തുകളിൽ വേണ്ടിയിരുന്നത് 34 റൺസ്.

19-ാം ഒാവർ എറിഞ്ഞ പൂനം യാദവ് വഴങ്ങേണ്ടിവന്നത് 18 റൺസ് . നാല് ബൗണ്ടറികൾ പറത്തിയ അമേലിയ ഖെറിന്റെ പ്രകടനം ഇന്ത്യയിൽനിന്ന് വിജയം തട്ടിയെടുത്തു എന്നുതന്നെ തോന്നിപ്പിച്ചു.

20-ാം ഒാവറിൽ ശിഖ പാണ്ഡെയ്ക്ക് ഡിഫൻഡ് ചെയ്യേണ്ടിയിരുന്നത് 16 റൺസായിരുന്നു.

ആദ്യപന്തിൽ തന്നെ ഹെയ്‌ലി ജെൻസൺ ബൗണ്ടറിയടിച്ചപ്പോൾ കളി കൈയിൽനിന്ന് പോയെന്നുതന്നെ കരുതി.

എന്നാൽ തുടർന്നുള്ള മൂന്ന്പന്തുകളിൽ സിംഗിളുകൾ മാത്രം വഴങ്ങിയതോടെ അവസാന രണ്ട് പന്തിൽ ജയിക്കാൻ വേണ്ടത് ഒൻപത് റൺസായി.

അഞ്ചാം പന്തിൽ അമേലിയ ഖെറിന്റെ വക ബൗണ്ടറി പിന്നെ ഒരു പന്തിൽ അഞ്ച് റൺസ്.

അവസാന പന്തിൽ ലെഗ് ബൈയിൽ രണ്ടാം റൺസിനേ (1)യ ഹെയ്‌ലി റൺ ഒൗട്ടായതോടെ മൂന്ന് റൺസിന് ഇന്ത്യൻ ജയം.

പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മാർജിനിലെ വിജയം ഇതായിരുന്നു. ആദ്യമത്സരത്തിൽ ആസ്ട്രേലിയയെ 17 റൺസിനും രണ്ടാം മത്സരത്തിൽ ബംഗ്ളാദേശിനെ 18 റൺസിനുമാണ് ഇന്ത്യ തോൽപ്പിച്ചിരുന്നത്.

ഇനി ശ്രീലങ്ക

പ്രാഥമിക റൗണ്ടിൽ ഒരു മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് ഇനി ശേഷിക്കുന്നത്. ശനിയാഴ്ച ശ്രീലങ്കയാണ് അവസാന എതിരാളികൾ. ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലെത്തുക എന്നതാണ് ലക്ഷ്യമെന്നതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇൗ മത്സരത്തിലും ഹർമൻ പ്രീത് കൗറും കൂട്ടരും ആഗ്രഹിക്കുന്നില്ല.

ഗ്രൂപ്പ് എ പോയിന്റ് നില

രാജ്യം, കളി, ജയം, തോൽവി, പോയിന്റ് ക്രമത്തിൽ

ഇന്ത്യ 3-3-0-6

ആസ്ട്രേലിയ 3-2-1-4

ന്യൂസിലൻഡ് 2-1-1-2

ശ്രീലങ്ക 2-0-2-0

ബംഗ്ളാദേശ് 2-0-2-0

6

പോയിന്റുകൾ ആദ്യമൂന്ന് മത്സരങ്ങളിൽ നിന്ന് തന്നെ സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യയ്ക്ക് സെമിയിൽ എതിരാളിയാവുക ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, വിൻഡീസ് ദക്ഷിണാഫ്രിക്ക തുടങ്ങിയവരടങ്ങുന്ന ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരാണ്.

114

റൺസാണ് ഇൗ ലോകകപ്പിലെ മൂന്ന് മത്സരങ്ങളിൽനിന്ന് ഷെഫാലി നേടിക്കഴിഞ്ഞത്.

172.72

ആണ് ഷെഫാലിയുടെ സ്ട്രൈക്ക് റേറ്റ്. ട്വന്റി 20 ലോകകപ്പിൽ ഇത് ഉയർന്ന സ്ട്രൈക്ക് റേറ്റിൽ 114 റൺസ് എങ്കിലും നേടുന്ന ആദ്യതാരമാണ് ഷെഫാലി.

46

ഇന്നലത്തേത് ഷെഫാലിയുടെ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറാണ്. 11 ബൗണ്ടറികളും എട്ട് സിക്സുകളും ഷെഫാലി ഇതിനകം നേടിക്കഴിഞ്ഞു.

മികച്ച പ്രകടനം നടത്താനായതിൽ സന്തോഷം. ലൂസ് ബാളുകൾ കാത്തുനിന്ന് കളിക്കുകയായിരുന്നു. ഇൗ പ്രകടനം തുടരണമെന്നാണ് ആഗ്രഹം.

ഷെഫാലി വെർമ്മ

പ്ളേയർ ഒഫ് ദ മാച്ച്

തുടർച്ചയായ വിജയത്തിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ ചില പിഴവുകൾ ഞങ്ങൾ ആവർത്തിക്കുന്നുണ്ട്. ഇനി വലിയ മത്സരങ്ങളാണ് വരാനിരിക്കുന്നത്. അവ പരിഹരിച്ച് മുന്നോട്ടുപോകും.

ഹർമൻ പ്രീത്കൗർ

ഇന്ത്യൻ ക്യാപ്ടൻ