കൊമ്പൊടിഞ്ഞ് യുവന്റസും റയലും
ആദ്യപാദ പ്രീക്വാർട്ടറിൽ യുവന്റസിനും റയൽ
മാഡ്രിഡിനും അപ്രതീക്ഷിത തോൽവികൾ
ഒളിമ്പിക് ലിയോൺ 1
യുവന്റസ് 0
ലിയോൺ : ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കൂട്ടി യൂറോപ്യൻ കിരീടം ലക്ഷ്യമിട്ടിറങ്ങിയ യുവന്റസിന് ഇത്തവണ ആദ്യപാദ പ്രീക്വാർട്ടർ ഫൈനലിൽത്തന്നെ കനത്ത തിരിച്ചടി. ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണിൽനിന്ന് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി അപ്രതീക്ഷിതമായി ഏറ്റുവാങ്ങുകയായിരുന്നു യുവന്റസ്. ലിയോണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് തോറ്റതെന്നതിനാൽ അടുത്തമാസം നടക്കുന്ന ഹോംമാച്ചിൽ തിരിച്ചടിച്ച് ക്വാർട്ടർ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് യുവന്റസ്.
ഗ്രൗപ്പാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 31-ാം മിനിട്ടിൽ മിഡ് ഫീൽഡർ ലൂക്കാസ് ടൗസാർട്ടാണ് യുവന്റസിന്റെ ഹൃദയം പിളർന്ന ഗോൾ നേടിയത്. 2010ന് ശേഷം ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കണ്ടിട്ടില്ലാത്ത ലിയോൺ സ്വന്തം തട്ടകത്തിൽ ഗംഭീര പ്രകടനമാണ് കെട്ടഴിച്ചുവിട്ടത്. മറുവശത്ത് ക്രിസ്റ്റ്യാനോ പലതവണ നിറയൊഴിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. കളിതീരുന്നതിന് മിനിട്ടുകൾക്കുമുമ്പ് പൗലോ ഡൈബാല ലിയോണിന്റെ വല കുലുക്കിയെങ്കിലും റഫറി ഒഫ് സൈഡ് വിളിച്ചു.
യൂറോപ്യൻ മത്സരത്തിൽ യുവന്റസിനെതിരെ ലിയോൺ നേടുന്ന ആദ്യ വിജയമാണിത്. ഇതിന് മുമ്പ് നടന്ന നാല് മത്സരങ്ങളിൽ മൂന്നിലും അവർ തോറ്റിരുന്നു.
മാഞ്ചസ്റ്റർ സിറ്റി 2
റയൽ മാഡ്രിഡ് 1
മാഡ്രിഡ് : സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ 1-0ത്തിന് മുന്നിട്ടുനിന്ന റയൽ മാഡ്രിഡിനെ അഞ്ച് മിനിട്ടിനിടയിൽ രണ്ട് ഗോളുകൾ കൊണ്ട് അട്ടിമറിക്കുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 60-ാം മിനിട്ടിൽ ഇസ്കോ നേടിയ ഗോളിന് റയൽ ലീഡ് ചെയ്യുകയായിരുന്നു. എന്നാൽ ഗബ്രിയേൽ ജീസസിന്റെയും കെവിൻ ഡി ബ്രുയാന്റെയും ഗോളുകൾക്ക് മുൻ ചാമ്പ്യൻമാരെ മുട്ടുകുത്തിച്ചു. 86-ാം മിനിട്ടിൽ നായകൻ സെർജിയോ റാമോസ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് റയലിന് രണ്ടാം പാദത്തിലേക്ക് മറ്റൊരു നഷ്ടവുമായി.
78-ാം മിനിട്ടിൽ ഡിബ്രുയാന്റെ പാസിൽനിന്നാണ് ഗബ്രിയേൽ ജീസസ് സമനില ഗോൾ നേടിയത്. 82-ാം മിനിട്ടിൽ കർവഹായൽ ബോക്സിനുള്ളിൽ കിട്ടിയ ഫൗളിന് ലഭിച്ച പെനാൽറ്റിയാണ് ഡി ബ്രുയാൻ വിജയ ഗോളാക്കി മാറ്റിയത്.
50 കെവിൻ ഡി ബ്രുയൻ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി 50 ഗോളുകൾ തികച്ചു.
4
ചാമ്പ്യൻസ് ലീഗിൽ നാലാം ചുവപ്പ് കാർഡ് വാങ്ങിയ റാമോസ് ഇക്കാര്യത്തിൽ സ്ളാട്ടൻ ഇബ്രാഹിമോവിച്ചിന്റെയും എഡ്ഗാർ ഡേവിസിന്റെയും റെക്കാഡിനൊപ്പമെത്തി.
മാർച്ച് 18 നാണ് രണ്ടാംപാദ പ്രീക്വാർട്ടർ മത്സരങ്ങൾ.