തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല സമ്പൂർണമായി ഗ്രീൻപ്രോട്ടോക്കോൾ പാലിച്ച് നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. ഹരിതകേരള മിഷനും ശുചിത്വമിഷനുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ.കഴിഞ്ഞ നാലു വർഷങ്ങളായി ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കിയതിൽ മാലിന്യത്തിന്റെ അളവ് 350 ടണ്ണിൽ നിന്ന് 67 ആയി കുറഞ്ഞെന്നും അധികൃതർ വ്യക്തമാക്കി. അന്നദാനം,കുടിവെള്ള വിതരണം എന്നിവ നടത്തുന്ന വ്യക്തികളും സംഘടനകളും ഉത്സവമേഖലയ്ക്ക് പുറത്തു നിന്ന് ഭക്ഷണം,കുടിവെള്ളം തയ്യാറാക്കി കൊണ്ടുവരുന്നവരും നഗരസഭയിൽ രജിസ്റ്റർ ചെയ്യണം. ഡിസ്‌പോസിബിളുകളുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം. രജിസ്ട്രേഷൻ സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പ് വഴി നടത്താം. നഗരസഭയിലെ പ്രോജക്ട് സെക്രട്ടേറിയറ്റിലും നേരിട്ട് രജിസ്റ്റർ ചെയ്യാം. ആറ്റുകാൽ പൊങ്കാല ഗ്രീൻപ്രോട്ടോക്കോൾ, ഇഷ്ടികശേഖരണം എന്നിവയിൽ നഗരസഭാ ഗ്രീൻ ആർമിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിൽ രജിസ്റ്റർ ചെയ്യാം. പൊങ്കാല മഹോത്സവം സമ്പൂർണ ഹരിത പൊങ്കാലയാക്കി മാറ്റുന്നതിനും പൊങ്കാല ശേഷമുള്ള ഇഷ്ടികകൾ ശേഖരിച്ച് അർഹരായവർക്ക് ഭവന നിർമ്മാണത്തിന് ലഭ്യമാക്കാനും എല്ലാവരുടെ പിന്തുണയും വേണമെന്ന് മേയർ കെ.ശ്രീകുമാർ അഭ്യർത്ഥിച്ചു.

പൊങ്കാലയ്ക്ക് എത്തുന്നവർ സ്റ്റീൽ പാത്രവും ഗ്ലാസും കരുതണം

സംഘടനകൾക്ക് നഗരസഭയിൽ നിന്ന് പാത്രങ്ങളും ഗ്ലാസും വാടകയ്ക്ക് ലഭിക്കും

പാത്രങ്ങളും ഗ്ലാസുകളും സംഭാവന ചെയ്യാൻ താത്പര്യമുള്ളവർക്ക് മേയറുടെ ഓഫീസുമായി ബന്ധപ്പെടാം

ഗ്രീൻപ്രോട്ടോകോൾ പൂർണമായി പാലിക്കുന്നവർക്ക് അവാർഡ്