തിരുവനന്തപുരം: മാർച്ച് 10ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ജില്ലയിൽ ഒരുക്കം പൂർത്തിയായി. ജില്ലയിൽ 38,397 പേർ പ്ലസ്ടു പരീക്ഷ എഴുതുന്നുണ്ട്. സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 32,915 പേരാണുള്ളത്. ഇതിൽ 15,659 ആൺകുട്ടികളും 17,256 പെൺകുട്ടികളുമാണ്. ഓപ്പൺ സ്‌കൂളിൽനിന്ന് 2473 പേർ പ്ലസ്ടു എഴുതുന്നു. ടെക്നിക്കൽ വിഭാഗത്തിൽനിന്ന് 42 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്. മുൻവർഷത്തെ വിവിധ വിഷയങ്ങൾ എഴുതിയെടുക്കാൻ 2101 ആൺകുട്ടികളും 855 പെൺകുട്ടികളുമുണ്ട്. സയൻസ് വിഭാഗത്തിലാണ് കൂടുതൽ കുട്ടികൾ എഴുതുന്നത്. 8965 ആൺകുട്ടികളും 10,949 പെൺകുട്ടികളുമുണ്ട്. ഹ്യുമാനിറ്റീസിൽ 5384 ആൺകുട്ടികളും 4361 പെൺകുട്ടികളും പ്ലസ്ടു എഴുതും. കോമേഴ്സിൽ 4875 ആൺകുട്ടികളും 3792 പെൺകുട്ടികളുമാണ്. ജില്ലയിൽ പ്ലസ് വൺ വാർഷിക പരീക്ഷ എഴുതുന്നത് 35,054 പേരാണ്. സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 15,833 ആൺകുട്ടികളും 17,239 പെൺകുട്ടികളും എഴുതും. ഓപ്പൺ സ്‌കൂളിൽനിന്നു 1926 പേരും ടെക്നിക്കൽ വിഭാഗത്തിൽനിന്ന് 56 പേരും പ്ലസ് വൺ വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 35,310 പേരാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നാണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. 12,996 പേർ ആറ്റിങ്ങലിൽ നിന്നെഴുതുമ്പോൾ തിരുവനന്തപുരത്തുനിന്ന് 11,431 പേരും നെയ്യാറ്റിൻകര നിന്ന് 10,883 പേരും എസ്.എസ്.എൽ.സി എഴുതുന്നു.