ടോക്കിയോ : ചൈനയിലെ കൊറോണ വൈറസ് ബാധ ലോകത്തെമ്പാടുമുള്ള കായിക മേഖലയെ സാരമായി ബാധിച്ചിരിക്കുന്ന സ്ഥിതിക്ക് അയവില്ല. ടോക്കിയോ ഒളിമ്പിക്സിന് അടക്കം ഭീഷണി ഉയർത്തിയിരുന്ന വൈറസ് ബാധ കാരണം ഇന്നലെയും പല മത്സരങ്ങളും മാറ്റിവയ്ക്കേണ്ടിവന്നിട്ടുണ്ട്.
അതേസമയം കൊറോണ വൈറസ് ഒളിമ്പിക്സിനെ ബാധിക്കില്ലെന്ന വാദവുമായി ഇന്ത്യൻ കായികമന്ത്രി കിരൺ റിജിജു ഇന്നലെ രംഗത്തെത്തി. വൈറസ് ബാധ ചൈനയിലാണെന്നും ജപ്പാനിലല്ലെന്നുമാണ് റിജിജുവിന്റെ വാദം. എന്നാൽ ജപ്പാനിൽ 150 ലേറെ കേസുകൾ റിപ്പോർട്ടു ചെയ്തതിനെതുടർന്ന് സംഘാടകർ തന്നെ ആശങ്കയിലാണ്.

കായിക രംഗത്തെ കൊറോണ ബാധയുടെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

1. ഒമാൻ ഒാപ്പൺ ഗോൾഫ് ടൂർണമെന്റിനെത്തിയ ഇറ്റാലിയൻ താരങ്ങളായ എഡ്വാർഡോ മോളിനാരിയെയും ലോറൻസോ ഗാഗ്‌ളിയെയും ടൂർണമെന്റിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. വൈറസ് ഭീഷണിയെത്തുടർന്ന് ഇരുവരെയും മസ്‌കറ്റിൽ 14 ദിവസത്തേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

2. ഒളിമ്പിക് ക്വാളിഫിക്കേഷൻ ബാഡ്മിന്റൺ ടൂർണമെന്റായ ജർമ്മൻ ഒാപ്പൺ റദ്ദാക്കി. പോളിഷ് ഒാപ്പൺ മാറ്റിവച്ചിരിക്കുകയാണ്. മാർച്ച് മൂന്നുമുതൽ എട്ടുവരെയായിരുന്നു ജർമ്മൻ ഒാപ്പൺ നടക്കേണ്ടിയിരുന്നത്.

3. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം വിളിച്ചു. ഇതുവരെ ആറ് ഏഷ്യൻ ലെവൽ മത്സരങ്ങൾ മാറ്റിവയ്ക്കേണ്ടിവന്നിട്ടുണ്ട്. ഇനിയുമേറെ മത്സരങ്ങൾ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

4. കൊറോണയെത്തുടർന്ന് ചൈനീസ് ഫുട്ബാൾ ക്ളബുകളിലേക്കുള്ള വിദേശ താരങ്ങളുടെ വരവ് ഇല്ലാതായി. മുമ്പ് വൻ തുകയ്ക്ക് യൂറോപ്പിലെ വലിയ താരങ്ങൾ കരിയറിലെ അവസാന സമയം ചെലവിടാൻ ചൈനീസ് ക്ളബുകൾ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ ഇപ്പോൾ അവർ അവിടേക്ക് പോകുവാൻ മടിക്കുകയാണ്.