ക്രൈസ്റ്റ് ചർച്ച് : ആദ്യ ടെസ്റ്റിൽ പത്ത് വിക്കറ്റിന് തകർന്നടിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ക്രൈസ്റ്റ് ചർച്ചിൽ ഇറങ്ങാനിരിക്കവേ ആശങ്കയുണർത്തി യുവ ഒാപ്പണർ പൃഥ്വി ഷായുടെ പരിക്ക്. ഇടത് പാദത്തിന് പരിക്കേറ്റ ഷാ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. ഇന്ന് കാലിലെ നീര് പരിശോധിച്ചശേഷം ഒാപ്പണായി ഷായെ കളിപ്പിക്കണമോ എന്ന് തീരുമാനമെടുക്കൂ.
പരിക്കും വിലക്കുമായി ഒന്നരവർഷത്തോളം മാറിനിന്ന പൃഥ്വിഷാ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഏകദിനങ്ങളിലും ആദ്യ ടെസ്റ്റിലും പഴയ മികവിലേക്ക് എത്താൻ ഷായ്ക്ക് കഴിഞ്ഞിരുന്നില്ല. വെല്ലിംഗ്ടൺ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 16 റൺസും രണ്ടാം ഇന്നിംഗ്സിൽ 14 റൺസുമാണ് നേടാനായത്. പൃഥ്വിക്ക് പരിക്കാണെങ്കിൽ മറ്റൊരു യുവതാരം ശുഭ്മാൻ ഗില്ലിനാകും നറുക്ക് വീഴുക.
ആദ്യടെസ്റ്റിൽ തീർത്തും ദുർബലമായിത്തീർന്ന ബാറ്റിംഗ് നിര ക്രൈസ്റ്റ് ചർച്ചിൽ ഉയിർത്തെണീറ്റില്ലെങ്കിൽ ഇന്ത്യയ്ക്ക് കനത്ത മാനക്കേടാകും. നിറയെ പുല്ലുനിറഞ്ഞ പേസ് ബൗളർമാരെ കണക്കറ്റ് പിന്തുണയ്ക്കുന്ന പിച്ചാകും ക്രൈസ്റ്റ് ചർച്ചിലും ഇന്ത്യയെ കാത്തിരിക്കുന്നത്.
പരിചയ സമ്പന്നരായ വിരാട് കൊഹ്ലി, ചേതേശ്വർ പുജാര എന്നിവരുടെ മോശം ഫോമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. തീർത്തും പ്രതിരോധാത്മകമായി ബാറ്റുവീശിയതാണ് പുജാരയ്ക്ക് രണ്ട് ഇന്നിംഗ്സുകളിലും തിരിച്ചടിയായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹോം ഗ്രൗണ്ടിലെ അനുകൂല സാഹചര്യങ്ങൾ കിവീസ് പേസർമാർ മുതലാക്കുമ്പോൾ ഇന്ത്യൻ പേസർമാർക്ക് ആ നിലവാരത്തിലേക്ക് എത്താനാകുന്നില്ലെന്ന പ്രശ്നവുമുണ്ട്.
4 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ഇന്ത്യ കിവീസിൽ
തുടർച്ചയായി തോറ്റിരിക്കുന്നത്.
'വിരാടിനെ വേഗം പുറത്താക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഏത് സാഹചര്യത്തിലും മികവ് കാട്ടാൻ കഴിയുന്ന പ്രതിഭയാണ് വിരാട്. സ്വിംഗിനെ പിന്തുണയ്ക്കുന്ന പിച്ചിൽ പന്തിന്റെ വശങ്ങളിലേക്കുള്ള വ്യതിയാനത്തിലൂടെ വിരാടിനെ പിടിച്ചുകെട്ടുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ടോം ലതാം
കിവീസ് ഒാപ്പണർ