ന്യൂഡൽഹി : സാമ്പത്തിക ക്രമക്കേടുകളുടെയും ഉത്തരവാദിത്വ രാഹിത്യത്തിന്റെയും പേരിൽ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യയെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്തു. ദേശീയ തലത്തിൽ സ്കൂൾ കായിക മത്സരങ്ങൾ നടത്താൻ അധികാരപ്പെട്ട സംഘടനയാണ് എസ്.ജി. എഫ്.ഐ.

ഒളിമ്പ്യൻ സുശീൽ കുമാറിനെ പ്രസിഡന്റിന്റെ കസേരയിലിരുത്തിയ ശേഷം പണപ്പിരിവ് നടത്തിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് വിലക്ക്. 2017 ൽ അഡ്‌ലെയ്ഡിൽ നടന്ന അംഗീകാരമില്ലാത്ത പസഫിക് സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചതും വിദേശത്ത് നടന്ന ഗെയിംസുകളിൽ പങ്കെടുപ്പിക്കാൻ വിദ്യാർത്ഥികളിൽനിന്ന് രണ്ടരലക്ഷം രൂപ വീതം പിരിച്ചതും സംഘടനയിലെ ചിലരുടെ കള്ളക്കളികൾ കാരണമാണെന്ന് കായിക മന്ത്രാലയം കണ്ടെത്തി.

സംഘടനയുടെ സെക്രട്ടറി ജനറൽ രാജേഷ് മിശ്രയ്ക്കെതിരെയും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. തന്റെ ഭാര്യയും മക്കളും മരുമക്കളുമടക്കമുള്ളവരെ രാജേഷ് മിശ്ര സംഘടന ഭാരവാഹികളാക്കിയെന്നും കുട്ടികളിൽനിന്ന് പണം പിരിച്ച് വിദേശ യാത്ര നടത്തിയെന്നുമാണ് കണ്ടെത്തിയത്.